എറണാകുളം: കര്‍ഷകരുടെ മനം നിറച്ച് മുടവൂര്‍ പാടശേഖരത്ത് നൂറുമേനി വിളവ്. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് വിളവെടുപ്പ് നടന്നത്. 25 വര്‍ഷങ്ങള്‍ക്ക് അപ്പുറം മൂവാറ്റുപുഴയുടെ നെല്ലറയെന്ന് വിശേഷിപ്പിച്ചിരുന്ന മുടവൂര്‍ പാടശേഖരത്താണ് നെല്‍ക്യഷി പുനരാരംഭിച്ചത്. സുവര്‍ണ ഹരിതസേനയുടെ പങ്കാളിത്തത്തോടെയാണ് തരിശായി കിടന്ന 200 ഏക്കര്‍ നിലം ക്യഷി യോഗ്യമാക്കിയത്. വിളവെടുപ്പ് ഉത്സവം വലിയ രീതിയിൽ നടത്താനായിരുന്നു ഹരിതസേനയുടെ തീരുമാനം. എന്നാൽ കൊവിഡിനെ തുടർന്ന് ചടങ്ങുകൾ മാറ്റിവയ്ക്കുകയായിരുന്നു.
പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്ന് എത്തിയവരും അതിഥിതൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളുടെ നേതൃത്വത്തിലാണ് കൃഷിയ്ക്കായി നിലമൊരുക്കിയതും നെല്ല് കൊയ്‌തെടുത്തതും. കൃഷി വകുപ്പിന്‍റെ പൂര്‍ണ സഹകരണത്തോടെയാണ് കൊയ്ത്ത് നടന്നത്. ഉമ ഇനത്തില്‍പെട്ട നെല്ലാണ് കൃഷി ചെയ്‌തത്. 2020 ഡിസംബര്‍ 30ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാർ ഞാറ് നടീൽ ഉത്സവം നടത്തിയിരുന്നു.