എറണാകുളം: സൈബർ ഹാക്കർ സായ് ശങ്കർ അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന ദിലീപിനെതിരായ കേസില്‍ തെളിവ് നശിപ്പിച്ച കുറ്റത്തിന് പൊലീസ് സായ് ശങ്കറിനെ ഏഴാം പ്രതിയാക്കിയിരുന്നു. കേസിലെ പ്രധാന തെളിവായ നടൻ ദിലീപിന്‍റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ചുവെന്നാണ് സായ് ശങ്കറിനെതിരായ ആരോപണം.
ദിലീപ് നശിപ്പിക്കാൻ ഏല്‌പിച്ച വിവരങ്ങൾ സായ് ശങ്കറിന്‍റെ കയ്യിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സായ് ശങ്കറിന്‍റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധനടത്തിയിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് സായ് ശങ്കര്‍ ഒഴിഞ്ഞുമാറിയിരുന്നു.
ക്രൈംബ്രാഞ്ച് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചും, മുൻകൂർ ജാമ്യാപേക്ഷയുമായും സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു. വധഗൂഢാലോചന കേസിലും, നടിയെ ആക്രമിച്ച കേസിലും ദിലീപിനെതിരായ തെളിവുകൾ സായ് ശങ്കറില്‍ നിന്ന് ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രതീക്ഷ.
ALSO READ: കുരുക്ക് മുറുകുന്നുവോ?! ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള കാർ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്