എറണാകുളം: വാർത്ത സമ്മേളനത്തിൽ നിന്നും മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൈരളി, മീഡിയവൺ മാധ്യമ പ്രവർത്തകരെയാണ് ഗവർണർ വാർത്ത സമ്മേളനം നടക്കുന്നതിന് മുമ്പ് ഇറക്കിവിട്ടത്. 'കേഡര്‍' മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് രണ്ട് ചാനലുകളിലെയും മാധ്യമ പ്രവർത്തകരോട് പുറത്തുപോകാന്‍ ഗവർണർ ആവശ്യപ്പെട്ടത്.
വാർത്ത സമ്മേളനം തുടങ്ങുന്നതിന് മുമ്പ് മീഡിയവൺ, കൈരളി മാധ്യമപ്രവർത്തകർ കൂട്ടത്തിലുണ്ടോയെന്ന് ഗവർണർ പേരെടുത്ത് ചോദിക്കുകയായിരുന്നു. തുടർന്ന് ഇവരോട് വാർത്ത സമ്മേളനത്തിൽ നിന്ന് പുറത്തുപോകാൻ പറയുകയായിരുന്നു. മീഡിയവണും കൈരളിയും തനിക്കെതിരെ കാമ്പയിൻ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നടപടി.
വാർത്ത സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്ഭവനിൽ നിന്നും ഔദ്യോഗികമായി ക്ഷണം ലഭിച്ചതിനെ തുടർന്നായിരുന്നു മാധ്യമ പ്രവർത്തകരെല്ലാം ഗസ്റ്റ് ഹൗസിൽ എത്തിയത്. ഇക്കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടികാണിച്ചുവെങ്കിലും ഇത് പരിഗണിക്കാൻ ഗവർണർ തയ്യാറായില്ല. കൈരളി ചാനൽ പാർട്ടി ചാനലാണ്, മീഡിയവൺ ചാനൽ ശാബാനു കേസിലടക്കം തനിക്കെതിരെ പ്രചാരണം നടത്തിയ ചാനലാണെന്നും ഗവർണർ വിമർശിച്ചു.
ജനാധിപത്യത്തിൽ എതിർ ശബ്‌ദങ്ങളെ അവഗണിക്കുന്നത് ശരിയാണോയെന്ന ചോദ്യത്തിന് പ്രകോപിതനായാണ് ഗവർണർ പ്രതികരിച്ചത്. കൈരളി, മീഡിയവൺ ചാനൽ പ്രവർത്തകർ പുറത്ത് പോയ ശേഷമായിരുന്നു ഗവർണർ തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.
ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. നേരത്തെ തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറാമെന്ന് താൻ അറിയിച്ചിരുന്നു. അന്ന് യൂണിവേഴ്‌സിറ്റി കാര്യത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വിസിമാരുടെ മറുപടി വായിച്ചു പ്രതികരിക്കാമെന്നും ഗവർണർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിന് സർക്കാർ ലക്ഷങ്ങൾ ചെലവഴിക്കുകയാണ്. കേരളത്തിലെ നിയമ വകുപ്പ് കഴിവുകെട്ടതാണെന്നും ഗവർണർ വിമർശിച്ചു. താൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയല്ല. തനിക്കെതിരെ ജനങ്ങളെ സമീപിച്ചിട്ട് കാര്യമില്ല.
സിപിഎമ്മിന്‍റെ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. പറ്റുമെങ്കിൽ വഴി തടയാനും പ്രതിഷേധക്കാരെ രാജ്ഭവനിലേക്ക് വരാനും ഗവർണർ വെല്ലുവിളിച്ചു. തിരുവനന്തപുരം നഗരസഭയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ഇനിയും കത്തുകൾ പുറത്ത് വരാനുണ്ടെന്നും ഗവർണർ പറഞ്ഞു.