എറണാകുളം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്ത് വിട്ടെന്ന പരാതിയിൽ കസ്‌റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മിഷണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്‍റെ നോട്ടീസ്. ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കസ്‌റ്റംസ് കമ്മിഷണർക്ക് എ.ജി. നോട്ടീസ് അയച്ചത്. ഈ മാസം 16 ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദ്ദേശം.
സുമിത് കുമാറിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സിപിഎം നേതാവും ബാംബു കോർപറേഷൻ ചെയർമാനുമായ കെജെ ജേക്കബ് സമർപ്പിച്ച പരാതിയിലാണ് എ.ജിയുടെ നടപടി. പ്രതികൾ മജിസ്‌ട്രേറ്റിനു നൽകുന്ന രഹസൃമൊഴിയുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മാത്രമേ നൽകാവൂ എന്നാണ് നിയമത്തിലെ വ്യവസ്ഥ. കേസന്വേഷണ ആവശ്യങ്ങൾക്കായി മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ എന്നും നിയമത്തിലുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാത്ത കമ്മിഷണർ കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കുകയും മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തത് നിയമ വിരുദ്ധമായ നടപടിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ കക്ഷിയല്ലാത്ത കമ്മിഷണർ സത്യവാങ്ങ്മൂലം സമർപ്പിച്ചതും പരസ്യപ്പെടുത്തിയതും കോടതി നടപടികളിലുള്ള കൈകടത്തലും പൊതു സമൂഹത്തിൽ കോടതിയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന കുറ്റകരമായ കോടതിയലക്ഷ്യമാണന്നും പരാതിയിൽ വ്യക്തമാക്കുന്നു. കസ്‌റ്റംസ് കമ്മിഷണർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എ.ജിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും പരാതി കോടതിയുടെ പരിഗണനയ്ക്ക് വരിക.