എറണാകുളം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ ഹാജരായി. എന്നാല്‍ ആരോഗ്യകരമായ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ സ്വപ്നക്ക് ഇ.ഡി കൂടുതല്‍ സമയം അനുവദിച്ചു. രണ്ട് ദിവത്തെ സമയമാണ് അനുവദിച്ചത്. തുടർന്ന് സ്വപ്ന ഇ.ഡി ഓഫിസിൽ നിന്ന് മടങ്ങി.
കൊച്ചിയിലെ അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11.25ഓടെയാണ് സ്വപ്ന ഇ.ഡി ഓഫിസിലെത്തിയത്. അരമണിക്കൂറിനുള്ളിൽ മടങ്ങുകയും ചെയ്തു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്‌ന സുരേഷ് കേസിലെ മറ്റൊരു പ്രതിയായ എം.ശിവശങ്കറിനെതിരെ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു.
Also Read: അന്വേഷണ ഉദ്യോഗസ്ഥനെതിരെ വധഗൂഢാലോചന : എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്
ശിവശങ്കറിന്‍റെ ആത്മകഥയ്‌ക്കതിരെ മാധ്യമങ്ങളിലൂടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഇ.ഡി വീണ്ടും അന്വേഷണം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിക്കുന്നുവെന്ന ശബ്‌ദരേഖ പുറത്ത് വിട്ടതിന് പിന്നിൽ എം. ശിവശങ്കറായിരുന്നു എന്നാണ് സ്വപ്‌നയുടെ ആരോപണം.
ഇ.ഡി കസ്റ്റഡിയിലിരിക്കെ ശബ്‌ദം റെക്കോർഡ് ചെയ്‌ത് പ്രചരിപ്പിച്ചതിലെ ഗൂഢാലോചനയും ഇഡി അന്വേഷിക്കും. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് പറഞ്ഞത് ആസൂത്രിതമായിരുന്നെന്ന് സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. അതേസമയം സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ എം ശിവശങ്കർ ഇടപെട്ടിരുന്നതായും തനിക്ക് അറിയുന്നതെല്ലാം എം ശിവശങ്കറിനും അറിയാമെന്നും സ്വപ്‌ന മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് ഇ.ഡി കൂടുതൽ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഒമ്പതാം തിയതി ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകരമായ കാരണങ്ങളാൽ ഇന്ന് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു.