എറണാകുളം: ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സരിത്ത് കൊച്ചിയിലെ എൻഐഎ കോടതിയിൽ മൊഴി നൽകി. സുപ്രണ്ട് ഉൾപ്പടെയുടെയുള്ള മൂന്ന് ഉദ്യോഗസ്ഥർ ഉറങ്ങാൻ പോലും അനുവദിക്കാതെ പീഡിപ്പിക്കുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.
ഇതേ തുടർന്ന് പ്രതിക്ക് സംരക്ഷണം നൽകാൻ ജയിൽ ഡിജിപിക്ക് എൻഐഎ കോടതി നിർദേശം നൽകി. അതേസമയം തിങ്കളാഴ്ച ഈ കേസ് കോടതി വീണ്ടും പരിഗണിക്കും.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച മൊഴിയെടുക്കൽ പന്ത്രണ്ടരയോടെയാണ് പൂർത്തിയായത്. ജയിലിൽ ഭീഷണിയുണ്ടെന്നും എല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും കോടതിയിൽ നിന്ന് മടങ്ങവെ സരിത്ത് പ്രതികരിച്ചു.
ജയിലിൽ ഭീഷണിയുണ്ടെന്ന സരിത്തിന്‍റെ പരാതിയെ തുടർന്നാണ് കൊച്ചി എൻഐഎ കോടതി ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി മൊഴി രേഖപ്പെടുത്തിയത്. ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
നേരത്തെ ഡോളർ കടത്ത് കേസിൽ മന്ത്രിമാർക്കെതിരെ മൊഴി നൽകിയത് കസ്റ്റംസ് നിർബന്ധിച്ചതിനാലാണെന്നും മൊഴിമാറ്റാന്‍ സമ്മർദ്ദമുണ്ടെന്നും സരിത്ത് പരാതി ഉന്നയിച്ചിരുന്നു.
ജയിൽ സന്ദർശിക്കാനെത്തിയ അമ്മയോടാണ് സരിത്ത് ജയിൽ അധികൃതരുടെ ഭീഷണിയെക്കുറിച്ച് പറഞ്ഞത്. തുടർന്ന് സരിത്തിന്റെ അഭിഭാഷകൻ ഈ കാര്യം എൻഐഎ കോടതിയിൽ ബോധിപ്പിക്കാൻ അനുമതി തേടുകയായിരുന്നു. ഇന്നലെ അപേക്ഷ പരിഗണിച്ച കോടതി ഓൺലൈനായി സരിത്തിൽ നിന്നും വിവരങ്ങൾ ആരാഞ്ഞിരുന്നു.
തനിക്ക് കൂടുതൽ കാര്യങ്ങൾ കോടതിയിൽ ബോധിപ്പിക്കാനുണ്ടെന്ന് കോടതിയെ അറിയിച്ചു. തുടർന്നാണ് ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.
More read: ജയിലിൽ ഭീഷണി; സരിത്തിന്‍റെ മൊഴി രേഖപ്പെടുത്തുന്നു