എറണാകുളം: സ്വര്‍ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) തിരിച്ചടി. കേസ് യു.എ.പി.എയുടെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍.ഐ.എയുടെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ തീവ്രവാദ ബന്ധം ഉള്‍പ്പടെ ആരോപിച്ചായിരുന്നു എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.
സ്വര്‍ണക്കടത്തിലൂടെ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും എന്‍.ഐ.എ ആരോപിച്ചിരുന്നു. ഇത് യു.എ.പി.എയുടെ 15-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണെന്നായിരുന്നു എന്‍.ഐ.എയുടെ പ്രധാന വാദം. 15-ാം വകുപ്പിന്‍റെ ഉപവകുപ്പുകളില്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. കള്ളനോട്ട് നിര്‍മാണം, വിതരണം അടക്കമുള്ള കുറ്റങ്ങളാണ് ഇതിന്‍റെ പരിധിയില്‍ വരിക. സാമ്പത്തിക നേട്ടത്തിനായുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് നിയമത്തിന്‍റെ പരിധിയില്‍ മാത്രമാണ് വരികയെന്നും യു.എ.പി.എ നിലനില്‍ക്കില്ലെന്നും വിവിധ സുപ്രീംകോടതി വിധികൾ ഉള്‍പ്പടെ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മാത്രമല്ല പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിചാരണക്കോടതിയുടെ നിരീക്ഷണത്തില്‍ തെറ്റുകാണാന്‍ കഴിയില്ല. എന്നാല്‍ പ്രതികള്‍ക്കെതിരെ പുതിയ തെളിവുകളൊ വിവരങ്ങളൊ ലഭിച്ചാല്‍ അത് അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കൃത്യമായ ഉപാധികളോടെ, പ്രതികള്‍ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടില്ല എന്നുറപ്പാക്കിയാണ് എന്‍.ഐ.എ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ യു.എ.പി.എ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ അപ്പീൽ തള്ളുകയായിരുന്നു.