എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടി. കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗവും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗവും ചേർന്നാണ് മൂന്ന് യാത്രക്കാരിൽ നിന്നായി 1953 ഗ്രാം സ്വർണം പിടികൂടിയത്. വിപണിയിൽ 95 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത്.
മസ്ക്കറ്റിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശിയായ മുനീർ(29) എന്ന യാത്രക്കാരനിൽ നിന്നും കസ്റ്റംസ് എയർ ഇൻ്റലിജൻസ് വിഭാഗം 643 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഹാൻഡ് മിക്‌സിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ ബാറുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. മറ്റ് രണ്ട് യാത്രക്കാരിൽ ഒരാളിൽ നിന്നും 950 ഗ്രാം സ്വർണ മിശ്രിതവും മറ്റൊരു യാത്രക്കാരനിൽ നിന്ന് 360 ഗ്രാം തൂക്കം വരുന്ന സ്വർണമാലയുമാണ് കസ്റ്റംസ് പ്രിവൻ്റീവ് പിടിച്ചത്.
കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പിടികൂടിയ യാത്രക്കാരെ സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. കാരിയർമാരെന്ന് സംശയിക്കുന്ന ഇവർക്ക് പിന്നിലുള്ള സ്വർണ കള്ളക്കടത്ത് സംഘത്തെ കുറിച്ചും അന്വേഷണം തുടങ്ങി.
Also Read: കെ റെയില്‍ പ്രതിഷേധം : ക്ലിഫ് ഹൗസില്‍ കല്ലിട്ടെന്ന് യുവമോര്‍ച്ച, തള്ളി പൊലീസ്