എറണാകുളം: ഫോർട്ട് കൊച്ചിയുടെ ടൂറിസം വികസനത്തിന് പ്രഥമ പരിഗണനയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കടലാക്രമണത്തിൽ തകർന്ന ഫോർട്ട് കൊച്ചി കടപ്പുറം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊവിഡ് ഏറ്റവും അധികം ബാധിച്ചത് ടൂറിസം മേഖലയെയാണ്. രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറഞ്ഞാൽ ടൂറിസം മേഖലയിൽ നടപ്പിലാക്കാനുള്ള പദ്ധതികളെക്കുറിച്ച് ആലോചന നടത്തിയിട്ടുണ്ട്. അതിൽ പ്രധാന കേന്ദ്രമാണ് ഫോർട്ട് കൊച്ചിയെന്നും മന്ത്രി വ്യക്തമാക്കി.
കടൽ ക്ഷോഭത്തിൽ തകർന്ന ഫോർട്ട് കൊച്ചി ബീച്ചിനെ പുനർ നിർമിക്കും. മറ്റു വകുപ്പുകളുമായി ചർച്ച നടത്തേണ്ടതുണ്ട്. ഇവിടുത്തെ വികസനത്തിനാവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നൂറ് ശതമാനം വാക്സിനേഷൻ നൽകുകയെന്ന ലക്ഷ്യമുണ്ട്. ഇത് പുറത്ത് നിന്ന് വരുന്നവർക്ക് ആശ്വാസം പകരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
സ്ഥലം എംഎൽഎ കെ.ജെ. മാക്സിയുടെ ആവശ്യം പരിഗണിച്ചാണ് ഫോർട്ട് കൊച്ചി സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. കടലാക്രമണത്തിൽ തകർന്ന ഫോർട്ട് കൊച്ചി കടപ്പുറം മന്ത്രി ചുറ്റി നടന്ന് കണ്ട് വിലയിരുത്തിയ ശേഷമാണ് മടങ്ങിയത്.
ALSO READ: കൊവിഡ് പ്രതിസന്ധി ; ടൂറിസം മേഖലയിൽ 33675 കോടിയുടെ നഷ്‌ടം