എറണാകുളം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായില്ല. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ നേരത്തെയും ഇബ്രാഹിം കുഞ്ഞിനെ ഇഡി ചോദ്യം ചെയ്തിരുന്നു. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ അക്കൗണ്ട് വഴി വെളുപ്പിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. പാലാരിവട്ടം പാലം നിർമാണക്കരാർ ഏറ്റെടുത്ത കമ്പനി നല്‍കിയ കോഴപ്പണമാണ് ഇതെന്നുമാണ് ആരോപണം.
വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഇഡി അന്വേഷണം തുടങ്ങിയത്. അതേ സമയം പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിൽ പ്രതിയായ ഇബ്രാഹിം കുഞ്ഞ് വചാരണ നടപടികൾ നേരിടുകയാണ്. നേരത്തെ വിജിലൻസ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുഞ്ഞിന് ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.