കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. തായ്‌ലന്‍റ് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ഹോട്ടലിൽ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ഏഴ് മാസമായി ഒന്നാം പ്രതി ഇൻസാഫ് വിദേശ വനിതയുമായി സൗഹൃദത്തിലായിരുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ബന്ധം സ്ഥാപിച്ചത്. പഠനാവശ്യത്തിനായി കേരളത്തിലുള്ള ഇവരുടെ മകനെ കാണാനെത്തിയ വേളയിലാണ് പീഡനം നടന്നത്. പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നും പരാതി ശരിയാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് എറണാകുളം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ലാൽജി പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പ്രതികളിലൊരാൾക്ക് വിദേശ വനിതയുമായി മുൻപരിചയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഹോട്ടലിൽ വെച്ച് ഇവർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. പീഡനത്തിനിരയായ വനിതയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. അവരെ പൊലീസിന്‍റെ സംരക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിച്ച ശേഷമായിരിക്കും വിദേശ വനിതയെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കുക.