എറണാകുളം : ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും മരണ കാരണം വ്യക്തമാവുക.
ഇന്നലെ (വെള്ളിയാഴ്‌ച) രാത്രിയാണ് തൃപ്പൂണിത്തുറയിലെ വീട്ടില്‍ രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് (Food vlogger Rahul N Kutty found dead). ഇന്നലെ രാത്രി വൈകിയും സുഹൃത്തുക്കൾക്കൊപ്പം ചെലവഴിച്ച ശേഷം ഒരു മണിയോടെ മദ്യപിച്ച നിലയിലാണ് രാഹുൽ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്. തുടർന്ന് നേരത്തെ കൂടയുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഇതേ തുടർന്ന് സുഹൃത്ത് ഈ വിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചെങ്കിലും പ്രശ്‌നങ്ങളില്ലെന്ന് സുഹൃത്തിനെ അറിയിക്കുകയായിരുന്നു. ഈ സമയം രാഹുലിനൊപ്പം അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം രാഹുൽ ജീവനൊടുക്കാൻ ശ്രമിച്ചെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ട് അമ്മ സുഹൃത്തിനെ വിളിക്കുകയായിരുന്നു. ഇയാൾ എത്തി രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
രാഹുലിന് സാമ്പത്തിക പ്രശ്‌നങ്ങളും, കുടുംബ പ്രശ്‌നങ്ങളും ഉള്ളതായാണ് വിവരം. സംഭവ സമയം ഭാര്യയും മകനും ഭാര്യയുടെ വീട്ടിലായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനങ്ങാട് പൊലീസ് അന്വേഷണമാരംഭിച്ചു. ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
അതേസമയം 'ഈറ്റ് കൊച്ചി ഈറ്റ്' (Eat Kochi Eat) എന്ന ഫുഡ് പേജിലെ വീഡിയോകളിലൂടെയാണ് രാഹുൽ പ്രശസ്‌തനായത്. ഭക്ഷണ പ്രേമികൾക്ക് ഏറെ സുപരിചിതനായിരുന്ന രാഹുൽ കഴിഞ്ഞ ബുധനാഴ്‌ചയും ഫുഡ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. മെട്രോ നഗരമായി വളരുന്ന കൊച്ചിയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള റീലുകൾ പങ്കിടുന്ന 'ഈറ്റ് കൊച്ചി ഈറ്റി'ന്‍റെ 'ഓ കൊച്ചി' (Oh! Kochi) എന്ന പേജിലും രാഹുൽ വിഡിയോകൾ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സുള്ള രാഹുൽ ഭക്ഷണ പ്രേമികളെയും ഗ്രൂപ്പുകളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലും അംഗമായിരുന്നു.
READ ALSO: ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ