എറണാകുളം: കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കലക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. 73 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടാമത്തെ കേസിൽ ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലക്‌ട്രേറ്റിലെ ആഭ്യന്തര പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടർന്ന് എ.ഡി.എമ്മിന്‍റെ പരാതിയിലായിരുന്നു കൊച്ചിയിലെ പ്രളയ തട്ടിപ്പിൽ ക്രൈബ്രാഞ്ച് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
കലക്‌ട്രേറ്റിലെ പല ഫയലുകളും കാണാനില്ലാത്ത സാഹചര്യത്തിൽ കൂടിയാണ് പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. പണം സ്വീകരിച്ച രസീതുകൾ പലതും ഇയാൾ വ്യാജമായി നിർമ്മിച്ചതാണെന്നും കണ്ടെത്തിയിരുന്നു. വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന വിഷ്ണു പ്രസാദിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാനാണ് സാധ്യത. ആദ്യ കേസിലെ ഒന്നാം പ്രതിയായ വിഷ്ണു പ്രസാദ് തന്നെയാണ് ഈ കേസിലെയും സൂത്രധാരൻ എന്നാണ് കരുതുന്നത്.
കലക്‌ട്രേറ്റിനകത്ത് നിന്നും ഇയാൾക്ക് സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എന്നാൽ താൻ ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയതെന്നും അറിഞ്ഞ് കൊണ്ടല്ല ഉദ്യോഗസ്ഥർ രസീതുകളിൽ ഒപ്പു വച്ചതെന്നുമാണ് വിഷ്ണു പ്രസാദിന്‍റെ മൊഴി. ഇന്ന് വൈകിട്ട് വിഷ്ണു പ്രസാദിനെ കോടതിയിൽ ഹാജരാക്കും.
90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ഒന്നാമത്തെ കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇയാൾ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഇയാൾ ജയിൽ മോചിതനായെങ്കിലും രണ്ടാമത്തെ കേസിൽ വീണ്ടും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. വിഷ്ണു പ്രസാദിന്‍റെ കാക്കനാട് മാവേലിപുരത്തെ വീട്ടിൽ രണ്ടുമണിക്കൂറാളം നീണ്ടു നിന്ന തെളിവെടുപ്പിന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മിഷണർ ബിജി ജോർജ് നേത്യത്വം നൽകി.