കൊച്ചി: കൊച്ചിയിലെ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ ഒരു സി.പി.എം പ്രാദേശിക നേതാവിന് കൂടി പങ്കുള്ളതായി റിപ്പോർട്ട്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിധിനാണ് ക്രമക്കേടിൽ പങ്കുള്ളതായി കണ്ടെത്തിയത് . ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി രണ്ടര ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട് . പണം തിരിച്ച് പിടിക്കാൻ ജില്ലാകലക്ടർ ബാങ്കിന് നിർദേശം നൽകി.
പ്രളയദുരിതാശ്വാസ ഫണ്ട് ക്രമക്കേട് നടത്തിയ കാക്കനാട് കലക്ട്രേറ്റിറ്റിലെ ക്ലാർക്ക് വിഷ്ണു പ്രസാദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിധിന് പണം കൈമാറിയെന്ന വിവരം ലഭിച്ചത്. വിഷ്ണു പ്രസാദിനെ ഇന്നലെയാണ് കോടതി റിമാന്‍റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വിഷ്ണു പ്രസാദിനെ സർവ്വീസിൽ നിന്നും നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. സി.പി.എം. തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം അൻവറിന്‍റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തായി കണ്ടെത്തിയിരുന്നു. ഈ പണം ജില്ലാ കലക്ടർ ഇടപെട്ട് തിരിച്ച് പിടിച്ചിരുന്നു .ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കലക്ടർ നടത്തിയ അന്വേഷണത്തിലാണ് പ്രളയ ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന വിഷ്ണു പ്രസാദിന്‍റെ പങ്ക് വ്യക്തമായത്.