എറണാകുളം: കൊച്ചിയിലെ പ്രളയഫണ്ട് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി എം. എം. അൻവർ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ എം. എം. അന്‍വര്‍, പ്രളയ ദുരിതാശ്വസ ഫണ്ടില്‍ നിന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. ഇതേതുടർന്ന് ഒളിവിൽ പോയ അൻവറിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒളിവില്‍ കഴിയവേ മുന്‍കൂര്‍ ജാമ്യം തേടി അന്‍വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനായിരുന്നു കോടതി നിര്‍ദേശം.
അന്‍വറിന്‍റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ കൗലത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൗലത്തും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. സിപിഎം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിലെ അക്കൗണ്ട് വഴി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പ്രതി 10,54,000 രൂപ കൈക്കലാക്കിയതായി പൊലീസ് കണ്ടെത്തി. കലക്ട്രേറ്റിലെ ക്ലർക്കായ ഒന്നാം പ്രതി വിഷ്ണു പ്രസാദും, അന്‍വറും ഉള്‍പെടെയുള്ള പ്രതികള്‍ തട്ടിപ്പിനായി ഗൂഡാലോചന നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കലക്ട്രേറ്റിലെ ക്ലര്‍ക്കും കേസിലെ മുഖ്യ ആസൂത്രകനുമായ വിഷ്ണു പ്രസാദ് രണ്ട് തവണയായി അന്‍വറിന്‍റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് തട്ടിപ്പ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്. തുടർ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതോടെയാണ് കലക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പ് പുറത്തായത്.