എറണാകുളം: പ്രവാസികളുമായി ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 30 ഗർഭിണികൾ ഉൾപ്പെടെ 177 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം രാത്രി 11.30ഓടെ നെടുമ്പാശേരിയിലെത്തിയത്. തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട IX 474 എയർ ഇന്ത്യ വിമാനമാണ് ബഹ്‌റൈനില്‍ നിന്നും പ്രവാസികളുമായി എത്തിയത്.
യാത്രക്കാരിൽ 37 പേർ തൃശൂർ ജില്ലയിൽ നിന്നുള്ളവരാണ്. എറണാകുളം -35, കോട്ടയം - 23, പത്തനംത്തിട്ട -19, പാലക്കാട് -15, ആലപ്പുഴ -14, കൊല്ലം - 10 , ഇടുക്കി - 7, മലപ്പുറം - 5, കോഴിക്കോട് - 4, കണ്ണൂർ - 2 , കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും ഒരാൾ വീതവും, മധുരയിൽ നിന്ന് ഒരാളും ബംഗളൂരുവിൽ നിന്നുള്ള മൂന്ന് പേരുമാണ് വിമാനത്തിൽ കൊച്ചിയിലെത്തിയത്.
തെർമൽ സ്ക്രീനിങിന് വിധേയമാക്കി രോഗ ലക്ഷണങ്ങളില്ലന്ന് ഉറപ്പ് വരുത്തിയാണ് യാത്രക്കാരെ ക്വാറന്‍റൈനിലേക്ക് അയച്ചത്. എറണാകുളം ജില്ലയിൽ നിന്നുള്ളവരെ കളമശേരിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റു ജില്ലകളിൽ നിന്നുള്ളവരെ അതത് ജില്ലാ കേന്ദ്രങ്ങളിലെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് അയച്ചു. രോഗ ലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിച്ചത്.
ഗർഭിണികൾ, പ്രായം കൂടിയവർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ വീടുകളിലേക്ക് നിരീക്ഷണത്തിലേക്ക് വിട്ടു. കെഎസ്ആർടിസി ബസുകളിൽ സാമൂഹിക അകലം പാലിച്ച് പൊലീസ് അകമ്പടിയോടെയാണ് പ്രവാസികളെ ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ എത്തിച്ചത്. അതേസമയം, വന്ദേ ഭാരത് മിഷന്‍റെ ആദ്യഘട്ടത്തിലെ മൂന്നാം ദിവസമായ ഇന്ന് മൂന്ന് വിമാനങ്ങളിലാണ് കൊച്ചിയിൽ പ്രവാസികൾ തിരിച്ചെത്തുക. കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് വിമാനങ്ങൾ കൊച്ചിയിലെത്തുന്നത്.