എറണാകുളം: ലക്ഷദ്വീപിനടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യെമൻ രജിസ്ട്രേഷനുള്ള ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡ് കൊച്ചിയിൽ എത്തിച്ച മത്സ്യത്തൊഴിലാളികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. യെമൻ തീരത്തെ ബോട്ടിൽ കുടുങ്ങിയ ഇവർ അതേ ബോട്ടിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. രണ്ട് മലയാളികളടക്കം ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഏഴു പേർ തമിഴ്നാട് സ്വദേശികളാണ്.
പാസ്പോർട്ടും മറ്റ് രേഖകളും പരിശോധിച്ചതിന് ശേഷമാണ് ഇവരെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്. കൊല്ലം സ്വദേശികളായ നൗഷാദ്, നിസാർ എന്നിവരും തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശികളായ വിൻസ്റ്റൺ, ആൽബർട്ട് ന്യൂട്ടൻ, എസ്ക്കാലിൻ, അമൽ വിവേക്, ഷാജൻ, സഹായ ജഗൻ, സഹായ രവികുമാർ എന്നിവരെ കോസ്റ്റ് ഗാർഡും നാവികസേനയും ചോദ്യംചെയ്തിതിന് ശേഷം കോസ്റ്റൽ പൊലീസിനെ ഏൽപ്പിച്ചു. തുടർന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവരെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.
തമിഴ്നാട്ടിലെ തൊഴിലാളി സംഘടനയായ സൗത്ത് ഏഷ്യൻ ഫിഷർമാൻ ഫ്രട്ടേണിറ്റി എന്ന സംഘടനയുടെ ഇ-മെയിൽ സന്ദേശത്തെ തുടർന്നാണ് ബോട്ട് കണ്ടെത്താനായത്. നാവികസേനയുടെ ഡോർണിയർ വിമാനം പടിഞ്ഞാറൻ കൊച്ചിയിൽ നിന്നും 100 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ബോട്ട് കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി കടലിലേക്ക് പോയ കോസ്റ്റ് ഗാർഡിന്റെ കപ്പൽ, ബോട്ടിനെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. മത്സ്യബന്ധന തൊഴിലാളികൾ ബോട്ടുമായി രക്ഷപ്പെട്ട് പാലായനം ചെയ്യുന്നതിനിടെയാണ് ലക്ഷദ്വീപിലെ കൽപ്പേനിക്കടുത്ത് എത്തിയതെന്നാണ് തീര രക്ഷാസേനയുടെ കണ്ടെത്തൽ. ഗൾഫിലേക്ക് തൊഴിൽതേടി പോയി യെമനിൽ എത്തി സ്പോൺസറുടെ കെണിയിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെട്ടത്. യെമനിലെ സ്പോൺസർ വേതനമോ അടിസ്ഥാന സൗകര്യങ്ങളോ നൽകാത്തതിനെ തുടർന്നാണ് സ്പോൺസറുടെ ഉടമസ്ഥതയിലുള്ള ബോട്ടുമായി ഇവർ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്.