എറണാകുളം: വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം വാരപ്പെട്ടി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു കൂട മത്സ്യം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി 1500 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഫൈബർ ടാങ്കുകളും മത്സ്യകൃഷി നടത്തുന്നതിനായി കർഷകർക്ക് വിതരണം ചെയ്തു.
ആദ്യഘട്ടത്തിൽ 60 കുടുംബങ്ങൾക്കാണ് മത്സ്യ ടാങ്കുകൾ നല്‍കിയത്. ഗിഫ്റ്റ്, തിലാപ്പിയ ഇനങ്ങളില്‍പ്പെട്ട 40 മത്സ്യക്കുഞ്ഞുങ്ങളെയും ഒരു കിലോ തീറ്റയും ബാങ്ക് സൗജന്യമായി വിതരണം ചെയ്യും. കൃഷിക്കായി 10000 രൂപ ഒരു വർഷത്തേക്ക് പലിശരഹിത വായ്പയായും നൽകും.
പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ കുളങ്ങളിലും, പാടശേഖരങ്ങളിലും മത്സ്യം വളർത്താനും മത്സ്യ വിത്തുത്പാദന കേന്ദ്രം ആരംഭിക്കാനും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. വാരപ്പെട്ടി സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുവാറ്റുപുഴ എംഎല്‍എ എൽദോ എബ്രഹാം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.