എറണാകുളം: ഫിഷറീസ് വകുപ്പിൻ്റെ മാതൃക മത്സ്യഗ്രാമം പദ്ധതി സംസ്ഥാനത്ത് ആദ്യമായി ചെല്ലാനത്ത് നടപ്പിലാക്കും. കടലാക്രമണ ഭീഷണി നേരിടുന്നതിന് പതിനെട്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രിമാരായ പി.രാജീവ്, സജി ചെറിയാൻ എന്നിവർ അറിയിച്ചു. ചെല്ലാനത്തെ കടലാക്രമണ ഭീഷണിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കൊച്ചിയിൽ ചേർന്ന മന്ത്രിതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
Also Read: കടലാക്രമണം; ചെല്ലാനത്തെ നാശനഷ്‌ടങ്ങൾ വിലയിരുത്താൻ ഇന്ന് യോഗം
ജിയോ ട്യൂബുകൾ സ്ഥാപിക്കുന്നതിനുള്ള നിലവിലുള്ള എട്ട് കോടിയുടെ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും. ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കും. നിർമാണത്തിനുള്ള കരാർ ഒരു മാസത്തിനകം നൽകും.
വൈപ്പിൻ മേഖലയിൽ 26 കോടിയുടെ തീരദേശ വികസന പദ്ധതികൾ നടപ്പിലാക്കും. തീരദേശ വികസനത്തിനായി പ്രഖ്യാപിച്ച അയ്യായിരം കോടിയുടെ പാക്കേജ് അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെല്ലാനത്തെ കടലാക്രമണം നേരിട്ട പ്രദേശങ്ങൾ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സന്ദർശിച്ചു. ഇതിനു ശേഷമാണ് എറണാകുളം ഗസ്റ്റ് ഹൗസിൽ യോഗം ചേർന്ന് ചെല്ലാനത്തെ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്.