കൊച്ചി: പ്രവാസികളുടെ ദീർഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്യൻ സർവീസിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കം. ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ എയർ ഇന്ത്യ വിമാനം വെള്ളിയാഴ്‌ച പുലർച്ചെ കൊച്ചിയിലെത്തി. യൂറോപ്യൻ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നേരിട്ടുള്ള മുഴുവൻ സർവീസുകൾക്കും ലാൻഡിങ് ഫീ ഒഴിവാക്കുകയാണെന്ന് സിയൽ അറിയിച്ചു. സെപ്റ്റബർ 27 വരെയുള്ള എയർ ഇന്ത്യ സർവീസുകൾക്ക് നിലവിൽ ഇതിന്‍റെ പ്രയോജനം ലഭിക്കും. ലാൻഡിങ് ചാർജ് കുറയ്ക്കുന്നതോടെ കൂടുതൽ കമ്പനികൾ യൂറോപ്പിലേയ്ക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുമെന്നാണ് സിയാലിന്‍റെ പ്രതീക്ഷ. എയർ ഇന്ത്യയുടെ എ.ഐ 1186 വിമാനം വെള്ളിയാഴ്‌ച പുലർച്ചെ 3:28 നാണ് 130 യാത്രക്കാരുമായി കൊച്ചിയില്‍ എത്തിയത്.
അഗ്നിരക്ഷാ സേനയുടെ ഫയർ ടെൻഡറുകൾ ജലാഭിവാദ്യം നൽകി സ്വീകരിച്ചു. ഇതേ വിമാനം രാവിലെ 06.30ന് 229 യാത്രക്കാരുമായി മടങ്ങി. വന്ദേഭാരത് മിഷന്‍റെ ഭാഗമായി സെപ്റ്റംബർ 27 വരെയുള്ള ലണ്ടൻ- കൊച്ചി- ലണ്ടൻ സർവീസുകളുടെ സമയപ്പട്ടിക ക്രമീകരിച്ചിട്ടുണ്ട്. വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷ് പൗരൻമാരെ മടക്കിക്കൊണ്ടുപോകുന്നതിന്‍റെ ഭാഗമായി നേരത്തെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം കൊച്ചിയിൽ എത്തിയിരുന്നു. എയർ ഇന്ത്യ ലണ്ടനിൽ നിന്ന് മുംബൈ വഴിയും അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌ക്കോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് ഡൽഹി വഴിയും കൊച്ചിയിലേയ്ക്ക് തുടർച്ചയായി സർവീസുകൾ നടത്തുന്നുണ്ട്. ഇതാദ്യമായാണ് ലണ്ടനിൽ നിന്ന് നേരിട്ടുള്ള സർവീസ് നടത്തിയത്.