കൊച്ചി: ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കൊപ്പം, ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നതിനും മുന്‍പന്തിയില്‍ തന്നെയുണ്ട് അഗ്നിശമനസേന വിഭാഗം. പ്രളയ സഹായം അധികം എത്തിച്ചേരാത്ത മലപ്പുറം ചാലിയാർ വെറ്റിലമുക്ക് കോളനിയിലേക്ക് അവശ്യ വസ്‌തുക്കള്‍ എത്തിച്ച് മാതൃകയാകുകയാണ് എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ ജീവനക്കാർ.
അരി, കടല, ചെറുപയർ, നാപ്‌കിന്‍, വീട്ടുപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങി ഇരുപത്തിനാലോളം അവശ്യ സാധനങ്ങളാണ് വെറ്റിലമുക്ക് കോളനിയിലേക്ക് അഗ്നിശമനസേന സംഘമെത്തിക്കുന്നത്. പ്രളയത്തെ തുടർന്നുള്ള സഹായം ഏറെ എത്തിപ്പെടാത്ത വെറ്റിലമുക്ക് കോളനിയിലേക്ക് ഏറെ സാഹസപ്പെട്ടാണ് സഹായം എത്തിക്കുന്നത്. വിശ്രമമില്ലാതെയാണ് അഗ്നിശമനസേന പ്രളയകാലത്ത് പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ വലിയ സഹകരണം ജില്ലയിൽനിന്ന് ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. റീജിയണൽ ഫയർ ഓഫീസർ കെ കെ ഷിജു, ജില്ലാ ഫയർ ഓഫീസർ ജെ എസ് ജോജി തുടങ്ങിയവർ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനം മേയർ സൗമിനി ജെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലൂടെ മാതൃകയായ നൗഷാദിനെ അഗ്നിശമനസേന വിഭാഗം അധികൃതര്‍ അനുമോദിച്ചു.