എറണാകുളം: കൊച്ചി കാക്കനാട് ജിയോ ഇന്‍ഫോ പാര്‍ക്കിന് സമീപം തീപിടിത്തം. പൊലീസ് സ്റ്റേഷന് സമീപത്തുളള ജിയോ ഇന്‍ഫോ എന്ന ഐടി സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുളള കിന്‍ഫ്രാ പാര്‍ക്കിനുളളിലാണ് കമ്പനി. തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുളള അഗ്നിരക്ഷ സേന യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിനുളളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
പൊളളലേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. 20 വര്‍ഷത്തിലധികം പഴക്കമുളള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ദിവസം തൃശൂര്‍ കുന്നംകുളത്തുളള വസ്‌ത്രശാലയിലും തീപിടിത്തമുണ്ടായിരുന്നു. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കല്യാണ്‍ സില്‍ക്‌സിലാണ് തീപിടിത്തം ഉണ്ടായത്. മെയ് 12ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു സംഭവം നടന്നത്. ഇവിടെ വലിയ രീതിയില്‍ തീയും പുകയും ഉയര്‍ന്നതോടെയാണ് തീപിടിത്തം ഉണ്ടായ കാര്യം നാട്ടുകാര്‍ അറിഞ്ഞത്.
തുടര്‍ന്ന് കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുളള അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീയണക്കാനുളള ശ്രമങ്ങള്‍ നടത്തി. രണ്ട് മണിക്കൂറിലധികം നീണ്ട പ്രയത്‌നത്തിനൊടുവിലായിരുന്നു ഇവിടെ തീനിയന്ത്രണ വിധേയമാക്കിയത്.
Also Read: സെക്രട്ടേറിയറ്റില്‍ തീപിടിത്തം; കേസെടുത്ത് കന്‍റോണ്‍മെന്‍റ് പൊലീസ്
അടുത്തിടെ ബിഹാറിലെ ചേരിയിലുണ്ടായ തീപിടിത്തത്തില്‍ സഹോദരികളായ നാല് പെണ്‍കുട്ടികള്‍ പൊളളലേറ്റ് മരിച്ചിരുന്നു. മുസാഫര്‍ ജില്ലയിലെ രാംദയാലു മേഖലയിലെ സഹോദരങ്ങളായ മൂന്ന് പേരുടെ വീടുകളിലാണ് മെയ് രണ്ടിന് പുലര്‍ച്ചെ തീപിടിച്ചത്. പെണ്‍കുട്ടികള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയമായിരുന്നു അപകടമുണ്ടായത്. ഏഴ് പേര്‍ക്ക് അഗ്‌നിബാധയില്‍ പരിക്കേല്‍ക്കുകയുമുണ്ടായി. പൊളളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടികള്‍ മരിച്ചത്.