എറണാകുളം : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റിൽ വീണ്ടും തീ പിടിത്തം. സെക്‌ടർ ഒന്നിലാണ് തീപിടിത്തമുണ്ടായത്. ജില്ലയിലെ കൂടുതൽ ഫയര്‍ ആന്‍റ് റെസ്‌ക്യു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
മുൻകരുതലിന്‍റെ ഭാഗമായി ബ്രഹ്മപുരത്ത് നിയോഗിച്ചിരുന്ന അഗ്നിശമന സേന യൂണിറ്റുകളാണ് ആദ്യം തീയണയ്ക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ തീ നിയന്ത്രണാതീതമായതോടെയാണ് കൂടുതൽ അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്ത് എത്തിയത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു തീ ഉയർന്നത്. ഒന്നര മണിക്കൂറിനുള്ളില്‍ തീ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നാണ് ജില്ല ഭരണകൂടം അറിയിച്ചത്. അതേസമയം ശക്തമായ പുകയാണ് തീപിടിത്തമുണ്ടായ ഭാഗത്തുനിന്നും ഉയരുന്നത്.
ഇന്നുതന്നെ പൂർണമായും തീയണയ്ക്കുമെന്ന് ജില്ല കലക്‌ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. കഴിഞ്ഞ മാർച്ച് രണ്ടിനുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞത് പന്ത്രണ്ട് ദിവസത്തിന് ശേഷമായിരുന്നു. ഈയൊരു സാഹചര്യത്തിൽ വീണ്ടും തീപിടിത്തമുണ്ടായത് ജനങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. വീണ്ടും തീപിടിത്തമുണ്ടായ സാഹചര്യത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ശ്വാസം മുട്ടിച്ച തീ : മാർച്ച് രണ്ടിനുണ്ടായ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി താത്‌കാലികമായി ഒഴിഞ്ഞത് പതിമൂന്ന് ദിവസത്തിന് ശേഷമായിരുന്നു. ഇതിനിടയിൽ ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്‌റ്റിക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തിരുന്നു. ഇത് മനുഷ്യനും പ്രകൃതിക്കും ദീർഘകാല അടിസ്ഥാനത്തിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്‌ടിക്കുമെന്നാണ് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയത്.
പുക ശ്വസിച്ചതിനെ തുടർന്ന് ആയിരത്തിലധികം ആളുകൾ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികിത്സ തേടിയിരുന്നു. തീയും പുകയും അണയ്ക്കാൻ കഴിഞ്ഞുവെങ്കിലും വീണ്ടും തീ ഉയരുന്നത് തടയാനുള്ള നിരീക്ഷണം അഗ്നിരക്ഷാസേന തുടരുമെന്നായിരുന്നു അറിയിച്ചത്. വേനൽ മഴ പെയ്‌തതോടെ ബ്രഹ്മപുരത്തെ സ്ഥിതി മെച്ചപ്പെട്ടിരുന്നു. വേനൽ ശക്തമായതോടെയാണ് വീണ്ടും തീപിടിത്തമുണ്ടായത്.
രക്ഷാദൗത്യം ഇങ്ങനെ : ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന മാലിന്യ പ്ലാന്‍റിനെ വിവിധ സെക്‌ടറുകളായി തിരിച്ചായിരുന്നു പതിമൂന്ന് ദിവസമായി അഗ്നിശമന സേന തീയണയ്ക്കാനുള്ള പ്രവർത്തനം നടത്തിയത്. സ്ഥിതി ഏറ്റവുധികം ഗുരുതരമായിരുന്ന സെക്‌ടർ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണയ്ക്കാൻ കഴിഞ്ഞതോടെയായിരുന്നു പതിമൂന്ന് ദിവസം നീണ്ട ദൗത്യം പൂർത്തിയാക്കിയത്. തീപിടിക്കാൻ സാധ്യതയുള്ള വാതകങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇനിയും ചെറിയ തോതിൽ തീപിടിക്കാൻ സാധ്യതയുണ്ടന്നാണ് ജില്ല ഭരണകൂടം അന്ന് വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യം നേരിടാൻ പ്രത്യേക കർമ്മ പദ്ധതിയും തയ്യാറാക്കിയിരുന്നു.
അഗ്നിരക്ഷാസേനയുടെ സേവനം തുടർന്നും ബ്രഹ്മപുരത്ത് തുടരും. കാവൽക്കാർ,ക്യാമറകൾ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. തീപിടിത്തത്തെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിന്‍റെ ഭാഗമായി കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗങ്ങൾ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്‌തിരുന്നു.
മുമ്പുണ്ടായ തീപിടിത്തം : കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ മാർച്ച് രണ്ടിന് വൈകുന്നേരം നാലുമണിയോടെയാണ് വൻ തീ പിടിത്തമുണ്ടായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രഹ്മപുരത്ത് നിരവധി തവണ തീപിടിത്തമുണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ഒന്നോ രണ്ടോ ദിവസത്തിനിടയിൽ തീ നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. എല്ലാം വർഷവും മാർച്ച് ഏപ്രിൽ മാസങ്ങളിൽ തീപിടിത്തം ആവർത്തിക്കപ്പെടുന്നതിനെ തുടർന്ന് ഇത് തീയിടുന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. എന്നാൽ ശക്തമായ ചൂടിൽ മീഥൈൽ വാതകം രൂപപ്പെടുകയും എളുപ്പത്തിൽ തീപിടിത്തം ഉണ്ടാവുന്നതിന് കാരണമാകുന്നു എന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.
മാത്രമല്ല ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാറുകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവും പ്രതിപക്ഷ പ്രതിഷേധവും ഇപ്പോഴും തുടരുകയാണ്. പന്ത്രണ്ട് ദിവസം നീണ്ട തീപിടിത്തത്തെ തുടർന്ന് അന്തരീക്ഷത്തിൽ പടർന്ന വിഷപ്പുകയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ആശങ്കകൾക്കും അറുതിയായിട്ടില്ല. ഇതിനിടെയാണ് ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായത്.