എറണാകുളം: സ്ഥലമില്ലാത്തതിനാൽ കൃഷി ചെയ്യാൻ സാധിക്കാറില്ല എന്നുള്ള വിഷമം പറയാറുള്ളവർ വീട്ടമ്മയായ ഷീജയെക്കണ്ടു പഠിക്കണം. വീട്ടുമുറ്റത്തെ ചെറിയ സ്ഥലത്ത് വലിയ കൃഷിത്തോട്ടമാണ് നൂതന വിദ്യകളിലൂടെ ഷീജ എന്ന വീട്ടമ്മ ഒരുക്കിയെടുത്തത്. നിത്യേന ഉപയോഗിക്കുന്ന പച്ചക്കറികൾ മുതൽ അപൂര്‍വമായ മഴവില്‍ ചോളം വരെ ഇവിടെയുണ്ട്.
പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്തിലെ അകനാട് സ്വദേശിയായ ഈ വീട്ടമ്മക്ക് വീടിരിക്കുന്ന ചെറിയ സ്ഥലം മാത്രമാണ് ഉള്ളത്. എന്നാൽ അവിടെ വലിയ കൃഷി തോട്ടങ്ങളെ വിസ്മയിപ്പിക്കുന്ന വിധം തളിരണിഞ്ഞും പൂവിട്ടും നില്‍ക്കുകയാണ് ഷീജയുടെ പച്ചക്കറിത്തോട്ടം. ഇവിടെ ഇല്ലാത്ത പച്ചക്കറികളും ഫലവൃക്ഷങ്ങളും എന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ എളുപ്പം പറയാനാകില്ല. അത്രയ്ക്കുണ്ട് ഹരിതാഭ. ഗ്രോബാഗ് കൃഷിയില്‍ തന്‍റെതായ മാതൃക ഒരുക്കി ഷീജ എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. സ്ഥലപരിമിതിയിലുള്ള ഗ്രോബാഗിലെ കൃഷി രീതി വളരെ നൂതനമാണ്.
സീസണ്‍ അനുസരിച്ചാണ് ഷീജ കൃഷി ചെയ്യുന്നത്. ചീരയും തക്കാളിയും പച്ചമുളകും, വെണ്ടയും തുടങ്ങി നിരവധി പച്ചക്കറികള്‍ ഇവിടെയുണ്ട്. വൃക്ഷങ്ങളുടെ നിരയാണ് വേറൊരാകർഷണം. ലെയറിങ്ങും ഗ്രാഫിങ്ങും നടത്തിയ അപൂര്‍വ്വയിനം ചാമ്പ, സപ്പോട്ട, നാരകം, പ്ലാവ്, മാവ് എന്നിവ കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തും. ഫിഷ് ടാങ്ക് ഒരുക്കിയതും ഇതിനിടയില്‍ കാണാം.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ മഴവില്‍ ചോളമാണ് മറ്റൊരു ആകര്‍ഷണം. റെഡ് വെണ്ടയും ഇവയ്ക്കിടയില്‍ ഉണ്ട്. വിത്തുകള്‍ ഒക്കല്‍ സീഡ് ഫാമില്‍ നിന്നുമാണ് ഷീജ വാങ്ങുന്നത്. കൃഷി ഗ്രൂപ്പുകള്‍ വഴി വിത്തുകളും തൈകളും വാങ്ങി എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി, കോഴിവളം അരിമില്ലുകളില്‍ നിന്നുള്ള ഉമി എന്നിവ വളമായി ചേര്‍ത്താണ് കൃഷി ചെയ്യുന്നത്.
ആദ്യം ഒരു കൗതുകത്തിന് ചെറിയ രീതിയിൽ തുടങ്ങിയ കൃഷി ഒൻപത് വർഷമായി ഷീജ തുടരുകയാണ്. വീട്ടാവശ്യങ്ങള്‍ക്കായി മാത്രമാണ് ഇവ വിനിയോഗിക്കുന്നത്. കൂടുതലായി ലഭിക്കുന്ന പച്ചക്കറികൾ അയൽവാസികൾക്ക് സൗജന്യമായി നൽകും. ഭര്‍ത്താവിന്‍റെയും മക്കളുടേയും സ്നേഹവും സഹകരണവുമാണ് ഈ വീട്ടമ്മയ്ക്ക് കൃഷിയില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുന്നത്.