കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തില്‍ വന്യമൃഗങ്ങള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാകുന്നു. കാട്ടാന, കാട്ടുപന്നി, കാട്ടു പോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ വിളകള്‍ നശിപ്പിക്കുകയാണ്. പ്രളയത്തിന് ശേഷം ഫെൻസിംഗ് സംവിധാനം താറുമാറായ അവസ്ഥയിലാണ്. ഇത് നേരെയാക്കാന്‍ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നടപടി എടുക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
കാട്ടാനക്കൂട്ടങ്ങള്‍ തെങ്ങ്, റബർ, കമുക് ,വാഴ തുടങ്ങിയ വിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമാകുന്നു. കപ്പ, വാഴ തുടങ്ങിയ കാർഷിക വിളകൾ കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. പൂയംകുട്ടി വനത്തേയും വടക്കെ മണികണ്ഡംചാലിലെ ജനവാസ കേന്ദ്രത്തേയും വേർതിരിക്കുന്ന പൂയംകുട്ടി പുഴ കടന്ന് വരുന്ന കാട്ടുമൃഗങ്ങളാണ് ജനങ്ങൾക്ക് ഭീഷണിയാവുന്നത്.
കരയോട് ചേർന്ന അതിർത്തിയിൽ ഫെൻസിംഗ് സംവിധാനം ഉണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമാണ്. വന്യമൃഗങ്ങൾക്ക് ജനവാസ കേന്ദ്രങ്ങളിൽ എത്താൻ ഇത് എളുപ്പമാക്കുന്നെന്ന് നാട്ടുകാർ പറയുന്നു. ആനകൾ കൂട്ടമായി എത്തി റബർ മരങ്ങൾ കുത്തിമറിക്കുകയും തെങ്ങിൻ്റെ പുറംതൊണ്ട് പിഴുതെടുത്ത് തിന്നുകയുമാണ്. വീടിനുള്ളിലേക്ക് ആനകൾ കയറി വരുന്നതും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുണ്ട്.