എറണാകുളം: സുപ്രീംകോടതി നിർദേശപ്രകാരം പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്ന മരടിലെ ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറക്കുന്ന ജോലികൾ പൂർത്തിയായി. 11ന് രാവിലെ 11 മണിക്ക് പൊളിക്കുന്ന ഹോളി ഫെയ്ത്ത് ഫ്ലാറ്റിലാണ് സ്ഫോടക വസ്‌തുക്കൾ നിറക്കുന്ന ജോലികൾ ആദ്യം പൂർത്തിയായത്. പിന്നീട് ജെയിൻ കോറൽ കോവിലും ഇരട്ട സമുച്ചയങ്ങളുള്ള ആൽഫ സെറീനിലും അവസാനമായി ഗോൾഡൻ കായലോരത്തിലും സ്ഫോടന വസ്തുക്കൾ നിറക്കുന്ന ജോലികൾ പൂർത്തിയാക്കി. വരുംദിവസങ്ങളിൽ സ്ഫോടകവസ്തുക്കൾ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തും.
11ന് രാവിലെ 9 മണിക്ക് മുൻപ് തന്നെ സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിക്കും. ഇതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. ആദ്യ സ്ഫോടനം നടത്തുന്നതിന് അരമണിക്കൂർ മുൻപ് ആദ്യ സൈറൻ പുറപ്പെടുവിക്കും. പിന്നീട് സ്ഫോടനം നടത്തുന്നതിന് 10 മിനിറ്റ് മുൻപ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ ഫ്ലാറ്റുകളുടെ പരിസരങ്ങളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടാകും. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്സ് എന്നിവയുടെ പൂർണ സേവനം പരിസരങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും സബ് കലക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും അതുകൊണ്ടുതന്നെ നാട്ടുകാർക്ക് ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കകളും വേണ്ടെന്ന് വ്യക്തമാക്കി ഫ്ലാറ്റുകൾ പൊളിക്കാനേൽപ്പിച്ച കമ്പനികൾ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇൻഷുറൻസ് ഉറപ്പാക്കാൻ ഫ്ളാറ്റുകളുടെ സമീപ പ്രദേശങ്ങളിലുള്ള വീടുകളുടെ വിപണിവില എത്രയും പെട്ടെന്ന് നിശ്ചയിക്കണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.