എറണാകുളം: ഇന്‍സ്റ്റഗ്രാമിലൂടെ തുടങ്ങിയ സൗഹൃദം പിന്നീട് പകയായി മാറിയതാണ് കോതമംഗലം നെല്ലിക്കുഴിയിൽ വിദ്യാർഥിനിയെ യുവാവ് വെടിവച്ചുകൊല്ലാനുള്ള കാരണമെന്ന് വിവരം. കൊലപ്പെടുത്തിയ രാഖിലുമായി നേരത്തേ പെണ്‍കുട്ടിയ്ക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നാണ് സൂചന. എന്നാല്‍ ഒരു വര്‍ഷമായി ഇവർ തമ്മിൽ പിരിഞ്ഞതായി കുടുംബം പറയുന്നു.
ഡി.വൈ.എസ്.പിയുടെ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരം
പെണ്‍കുട്ടിയെ തുടര്‍ച്ചയായി ശല്യം ചെയ്തതോടെ പിതാവ് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂർ ഡി.വൈ.എസ്.പി പി.പി സാദാനന്ദന്‍റെ മധ്യസ്ഥതയിൽ പ്രശ്നം പരിഹരിച്ചു. വിഷയത്തില്‍ യുവാവിന്‍റെ മാതാപിതാക്കള്‍ ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.
ഇനി ശല്യപ്പെടുത്തുകയില്ലെന്ന് യുവാവും ഉറപ്പുനല്‍കിയതോടെയാണ് കേസെടുക്കാതെ സംഭവം ഒത്തുതീര്‍പ്പാക്കിയത്. പെണ്‍കുട്ടിയോടുള്ള പക വളര്‍ന്നതാണ് കൊലപാതക കാരണം. രാഖിൽ ഒരു മാസം മുൻപ് മാനസ താമസിക്കുന്ന കെട്ടിടത്തിന് സമീപം താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇയാൾ സമീപവാസികളോട് പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകാണെന്നാണ് പറഞ്ഞത്.
മുറിയില്‍ കയറി കുറ്റിയിട്ടു, വാക്കേറ്റം, പിന്നീട്...
കൊല ചെയ്യാൻ കരുതിക്കൂട്ടിയാണ് രാഖിൽ ഇവിടെ താമസിച്ചതെന്നാണ് കോതമംഗലം പൊലീസ് പറയുന്നു. കോളജിന് സമീപത്ത് മാനസയും മറ്റു മൂന്ന് കൂട്ടുകാരികളും താമസിച്ചിരുന്ന വാടക വീട്ടില്‍ യുവാവ് എത്തുകയായിരുന്നു. രാഖിലിനെ കണ്ട മാനസ റൂമിലേക്ക് ഓടിക്കയറി. തുടർന്ന് ഇയാള്‍ റൂമില്‍ കയറി വാതിൽ കുറ്റിയിട്ടു. ശേഷം ഇവര്‍ തമ്മില്‍ മുറിയ്ക്കുള്ളില്‍ വാക്കേറ്റം നടന്നു.
കൈയിലിണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ചാണ് യുവാവ് കൊല നടത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. ഹോസ്റ്റൽ മുറിയുടെ വാതിൽ തകർത്ത് അകത്തുകയറി. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തോക്കെവിടുന്ന് കിട്ടി? പൊലീസ് അന്വേഷിക്കും
യുവാവിന് തോക്ക് എവിടെന്നു കിട്ടി എന്നത് സംബന്ധിച്ചുള്ള അന്വേഷണം കോതമംഗലം പൊലീസ് ഊര്‍ജിതമാക്കി. രാഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളും പൊലീസ് പരിശോധിക്കും. മാനസ രണ്ടു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്നാണ് വിവരം. ഇവയിലേക്ക് വന്ന കോളുകള്‍ പരിശോധിക്കും. ചെവിക്കുപിന്നിലാണ് മാനസയ്ക്ക് വെടിയേറ്റത്.
കോതമംഗലം നെല്ലിക്കുഴിയിൽ ഇന്ദിരാഗാന്ധി ഡെന്‍റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട മാനസ (24) കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനിയാണ്. കണ്ണൂർ പാലയാട് മേലൂർ രാഹുൽ നിവാസില്‍ താമസിച്ചിരുന്ന രാഖിൽ പി.രഘുത്തമനാണ് (31) കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം കോതമംഗലം മാർ ബസേലിയോസ്ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.പി മുഹമ്മദ് റിയാസ്, കോതമംഗലം ഇൻസ്പെക്ടർ വി.എസ്.വിബിൻ എസ്.ഐ മാഹിൻ സലീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ALSO READ: കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി