എറണാകുളം : ക്രൈം നന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി എറണാകുളം ജില്ല സെഷൻസ് കോടതി. വ്യാജ അശ്ലീല വീഡിയോ നിർമിക്കാൻ സഹപ്രവർത്തകയെ നിർബന്ധിച്ചത് ഉൾപ്പടെയുള്ള കേസിലാണ് പ്രതിയായ നന്ദകുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മാധ്യമ പ്രവർത്തനത്തിന്‍റെ മറവിൽ പ്രതി നടത്തിയ കുറ്റകൃത്യത്തിന്‍റെ ഗൗരവം ഉൾപ്പടെ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ജൂൺ 17നാണ് ക്രൈം നന്ദകുമാറിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. പട്ടികജാതി പീഡന നിരോധനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്തത്. ക്രൈം നന്ദകുമാറിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന പരാതിക്കാരി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
Also Read: പീഡന പരാതി: ക്രൈം നന്ദകുമാർ അറസ്റ്റിൽ
മാനസികമായ പീഡനവും, അശ്ലീല സംഭാഷണവും ഭീഷണിയും ഇയാളിൽ നിന്ന് നേരിട്ടു. മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കുകയും, സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ശരീരത്തെ ലൈംഗികവത്കരിച്ച് സംസാരിക്കുകയും, സ്‌ത്രീത്വത്തെ അപമാനിക്കുകയും ചെയ്‌തു. വ്യാജ വീഡിയോ നിർമിക്കാനും കള്ളക്കഥകൾ ഉണ്ടാക്കാനും, തെളിവുകൾ ഉണ്ടാക്കാനും കൂട്ടുനിൽക്കണം എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
ഇതേ തുടർന്നാണ് പരാതി ലഭിച്ച അന്നുതന്നെ പൊലീസ് നന്ദകുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തത്.