എറണാകുളം: പുല്ലേപ്പടി പാലത്തിനരികിയെ റെയില്‍വെ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജ്. മോഷണക്കേസിലെ വിവരങ്ങൾ പുറത്തറിയുമോ എന്ന സംശയമാണ് പ്രതികളിലൊരാളുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. നിലവിൽ രജിസ്റ്റർ ചെയ്തത് മോഷണക്കേസാണ്. പ്രതികളുടെ ഓരോരുത്തരുടെയും പങ്ക് വ്യക്തമായ ശേഷം കൊലക്കേസിൽ കൂടി ഉൾപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
പുതുവത്സരദിനത്തിൽ പ്സാസിഡിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവനോളം സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. പ്സാസിഡിന്‍റെ അനിയന്‍റെ മകനായ ഡിനോയും ജോബിയുമടങ്ങുന്ന സംഘവുമായിരുന്നു മോഷണത്തിന് പിന്നില്‍. വിരലടയാളം കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം കൂട്ടാളിയായ ജോബിയിലേക്ക് എത്തുന്നുവെന്ന് വ്യക്തമായതോടെ തെളിവ് നശിപ്പിക്കാൻ ഡിനോയ്, ജോബിയെ കൊലപ്പെടുത്തുകയായിരുന്നു . തെളിവ് നശിപ്പിക്കാൻ ജോബിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് സുഹൃത്തും മോഷണ സംഘത്തിലെ പ്രധാനിയുമായ ഡിനോയ് ആയിരുന്നു.സംഭവത്തില്‍ കൂട്ടുപ്രതികളായ പ്രദീപ്, മണിലാൽ, സുലു എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സുലു ട്രാൻസ്ജെൻഡറാണ്.
മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ഡിനോയ് ആളൊഴിഞ്ഞ സ്ഥലത്ത് ജോബിയെ എത്തിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു . മദ്യലഹരിയിൽ റെയിവേ ട്രാക്കിൽ തലവച്ചു കിടന്ന ജോബിയെ ഡിനോയ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ആളറിയാതിരിക്കാനായി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു.പുല്ലേപ്പടി പാലത്തിനരികിൽ റെയിവെ ട്രാക്ക് ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കത്തിക്കരിഞ്ഞ നിലയിൽ 30 വയസ് തോന്നിക്കുന്നയാളുടെ മൃതദേഹം പരിസരവാസികൾ കണ്ടത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. പെട്രോൾ കുപ്പിയും, ലൈറ്ററും മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. എളമക്കര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
നേരത്തേ പുതുക്കലവട്ടം മോഷണക്കേസില്‍ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു . ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതികൾ അഞ്ച് പേരുണ്ടെന്ന് തിരിച്ചറിഞ്ഞത്. അഞ്ചാമനെ തങ്ങൾ കൊലപ്പെടുത്തിയെന്ന് പ്രതികൾ വ്യക്തമാക്കിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കൊലപാതകത്തിൽ കൂടുതൽ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണക്കേസും ഒറ്റ ദിവസം കൊണ്ട് കൊലക്കേസും തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഉപഹാരവും പ്രഖ്യാപിച്ചു.