എറണാകുളം: മഹാരാജാസ് കോളജ് തിങ്കളാഴ്‌ച(നവംബര്‍ ഏഴ്) തുറക്കും. കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമായത്. കെഎസ്‌യു, എസ്‌എഫ്‌ഐ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കോളജ് അടച്ചിരുന്നു. ആറുമണിക്ക് ശേഷം വിദ്യാർഥികൾ കാമ്പസിൽ തുടരരുതെന്നും ഹോസ്റ്റലും കോളജും പൊലീസ് നിരീക്ഷണത്തിലാക്കാനും യോഗത്തിൽ തീരുമാനമായതായി പ്രിൻസിപ്പൽ വി.എസ് ജോയി അറിയിച്ചു.
സംഘർഷമുണ്ടായ സാഹചര്യത്തിൽ കുറച്ച് ദിവസം പൊലീസ് നിരീക്ഷണം തുടരും. രാവിലെ ഏഴ് മണിക്ക് തുറക്കുന്ന കോളജ് ഗേറ്റ്, വൈകുന്നേരം ആറ് മണിയോടെ അടയ്ക്കും. അതിനു ശേഷം ആരെയും കോളജിൽ തുടരാൻ അനുവദിക്കില്ല. കോളജ് പ്രവർത്തന സമയത്ത് ക്യാമ്പസിനുള്ളില്‍ ഒരു തരത്തിലുള്ള പ്രതിഷേധ സമരങ്ങളും അനുവദിക്കില്ല.
ഏഴാം തിയതി മുതൽ ക്ലാസുകൾ പുനരാരംഭിക്കാനാണ് തീരുമാനിച്ചത്. ഇതു സംബന്ധമായി ഇന്നു ചേരുന്ന കോളജ് ഗവേണിങ് കൗൺസിൽ തീരുമാനമെടുക്കുമെന്നും പ്രിൻസിപ്പാള്‍ പറഞ്ഞു. കോളജ് പ്രതിനിധികളും , രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും, വിവിധ വിദ്യാർഥി സംഘടന നേതാക്കളും സർവകക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നു. എല്ലാ സംഘടനകളും സമാധാനം പുനസ്ഥാപിക്കാനും, കോളജ് പുനരാരംഭിക്കുന്നതിനും അനുകൂലമായ തീരുമാനമെടുക്കുകയായിരുന്നുവെന്നും പ്രിൻസിപ്പാള്‍ വ്യക്തമാക്കി.