എറണാകുളം: ആലുവയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ നിന്നും ബസ് മോഷണം പോയി. മിനുറ്റുകൾക്കകം ബസ് കലൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തില്‍ മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്ന ആളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടുകയും ചെയ്‌തു. ആലുവയിൽ നിന്നും ഉച്ചയ്ക്ക് കോഴിക്കോടേക്ക് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷ്‌ടിച്ചത്. ഡീസൽ അടിച്ച ശേഷം സർവീസിനായി ബസ് സ്റ്റാൻഡില്‍ നിർത്തിയിട്ടതായിരുന്നു ബസ്.
ഇന്ന് രാവിലെ 8.20നായിരുന്നു സംഭവം. മോഷ്‌ടാവ് മെക്കാനിക്കിന്‍റെ വേഷത്തിലെത്തിയാണ് ബസ് കൊണ്ടു പോയത്. അതിനാല്‍ ബസ് സ്റ്റാൻഡിലുള്ളവര്‍ മെക്കാനിക്ക് വണ്ടിയെടുത്തതാകാമെന്ന് കരുതി. മോഷ്‌ടിച്ചയാൾ ബസുമായി പോകുന്ന വഴി ആലുവ സർക്കാർ ആശുപത്രി പരിസരത്ത് മറ്റൊരു വണ്ടിയില്‍ തട്ടിയെങ്കിലും ബസ് അമിത വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷിച്ചപ്പോഴാണ് ബസ് മോഷ്‌ടിക്കപ്പെട്ടു എന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ബസ് കലൂരില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.