എറണാകുളം: വിളകൾ നശിപ്പിക്കുന്നതിനിടെ ഇലക്ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചെരിഞ്ഞ ആനയെ സംസ്കരിക്കാൻ കാട്ടിലേക്ക് കൊണ്ടുപോകുന്നതിനെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞു. കുട്ടമ്പുഴ ആനക്കയത്താണ് സംഭവം. തകർന്ന് കിടക്കുന്ന ഫെൻസിംഗ് നന്നാക്കുക, ഫെൻസിംഗ് ഇല്ലാത്ത സ്ഥലത്ത് ഉടനടി ഫെൻസിംഗ് സ്ഥാപിക്കുക, നശിപ്പിക്കപ്പെട്ട കൃഷിക്ക് നഷ്ടപരിഹാരം നൽകുക, തകർന്ന ഇലക്ട്രിക് സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞു വച്ചത്.
തുടർന്ന് ആവശ്യങ്ങൾ ഉടനടി നടപ്പിലാക്കാമെന്ന ഉറപ്പിന്മേലാണ് ആനയെ കുട്ടമ്പുഴ അട്ടിക്കളം ഭാഗത്തെ അറക്കമുത്തി വനമേഖലയിൽ എത്തിച്ചത്. ആനകളെ കാട്ടിലേക്ക് കയറ്റി വിടുന്നതിന് നിലവിലുള്ള വാച്ചർമാരെ ഉടനെ തന്നെ ഡ്യൂട്ടിക്കിടാനും വരും ദിവസങ്ങളിൽ കൂടുതൽ വാച്ചർമാരെ ഈ പ്രദേശത്ത് നിയമിക്കാനും വനംവകുപ്പ് തീരുമാനിച്ചു.