എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ എറണാകുളം ജില്ലയിൽ നടന്ന വോട്ടെടുപ്പിൽ 77.13 ശതമാനം പേർ സമ്മതിദാനവകാശം വിനിയോഗിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4.34 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. കൊച്ചി കോർപറേഷനിൽ 62.01 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞവണത്തെ അപേക്ഷിച്ച് 7.62 ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണ കോർപറേഷനിലുണ്ടായത്. ജില്ലയിൽ ആകെയുള്ള 25,88,182 വോട്ടർമാരിൽ 19,96,327 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 9,95,073 പുരുഷന്മാരും 10,01,241സ്‌ത്രീകളും ഉൾപ്പെടുന്നു. ആകെയുള്ള 34 ൽ 13 ട്രാൻസ്ജെൻഡർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. നഗരസഭകളിൽ മുവാറ്റുപുഴയിലാണ് ഉയർന്ന പോളിങാണ് രേഖപ്പെടുത്തിയത്. 83.91 ശതമാനം. ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തൃക്കാക്കരയിൽ 71.99 ശതമാനം പേരാണ് വോട്ട് ചെയ്തത്.
കൂത്താട്ടുകുളം - 79.8, തൃപ്പൂണിത്തുറ - 76.68കോതമംഗലം - 78.86, പെരുമ്പാവൂർ - 81.16ആലുവ - 75.06, കളമശേരി - 75.42, നോർത്ത് പറവൂർ - 80.61, അങ്കമാലി - 80.72,ഏലൂർ - 81.31, തൃക്കാക്കര - 71.99മരട് - 78.61, പിറവം - 76.37 എന്നിങ്ങനെയാണ് നഗരസഭകളിലെ പോളിങ് ശതമാനം.
ബ്ലോക്ക് പഞ്ചായത്തുകളിൽ വാഴക്കുളം ബ്ലോക്കിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 84.11 ശതമാനം. ഏറ്റവും കുറവ് കുറവ് ഇടപ്പള്ളിയിലാണ് 75.07 ശതമാനം .ആലങ്ങാട് - 78.45, പറവൂർ - 80.66അങ്കമാലി- 81.69, കൂവപ്പടി - 81.85,വടവുകോട് - 83.59 , വൈപ്പിൻ - 78.04, പള്ളുരുത്തി - 79.82, മുളന്തുരുത്തി - 78.08, കോതമംഗലം - 82.14, പാമ്പാക്കുട - 77.4, പാറക്കടവ്- 81.72, മുവാറ്റുപുഴ - 82. 16 എന്നിങ്ങനെയാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിങ്ശതമാനം.
ജില്ലാ പഞ്ചായത്തിലെ പോളിങ് ശതമാനം 80.33 ആണ്. ഗ്രാമ പഞ്ചായത്തുകളിൽ കിഴക്കമ്പലത്താണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 87.88 ശതമാനം. ഏറ്റവും കുറവ് വോട്ട് രേഖപ്പെടുത്തിയത് ഇലഞ്ഞി പഞ്ചായത്തിലാണ് 69.15 ശതമാനം. ജില്ലയിലെ പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തിയിരുന്നു. അനിഷ്ടസംഭവങ്ങൾ ഒന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തില്ല. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാർ കണ്ടെത്തിയെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് പുനഃരാരംഭിച്ചു. തൃക്കാക്കര, കളമശേരി, ഉൾപ്പടെയുളള സ്ഥലങ്ങളിൽ കൊവിഡ് രോഗികളും വൈകിട്ട് ആറിനു ശേഷം പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തി. പതിവിനു വിപരീതമായി ഇത്തവണ രാവിലെയാണ് വോട്ടിങ് കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടത്.