കൊച്ചി: ആലുവ ചുണങ്ങുംവേലിയിൽ ചേർന്ന വൈദിക സമിതി യോഗം പാസാക്കിയ പ്രമേയത്തിലാണ് വത്തിക്കാന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി രാത്രിയിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്ഥാനം ഏറ്റെടുത്തത് അപഹാസ്യമാണെന്നും ഭൂമി വിവാദം അടക്കമുള്ള കാര്യങ്ങളില്‍ വിവാദം നിലനില്‍ക്കെ കർദിനാളിനൊപ്പം സഹകരിച്ചു പോകാൻ ബുദ്ധിമുട്ടാണെന്നും വൈദിക സമിതി യോഗം വ്യക്തമാക്കി. യാതൊരു കാരണവും കൂടാതെ അതിരൂപതയിലെ സഹായമെത്രാൻമാരെ ചുമതലകളിൽ നിന്നും മാറ്റിയതിൽ പ്രതിഷേധിച്ചാണ് അടിയന്തരമായി ആലുവയിൽ വൈദിക സമിതി യോഗം ചേർന്നത്. അമ്പതിലധികം വൈദികർ പങ്കെടുത്ത യോഗത്തിന്‍റെ പ്രമേയത്തിൽ എല്ലാവരും ഒപ്പുവച്ചിട്ടുണ്ട്.
![കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വൈദിക സമിതി യോഗം Angamaly archdiocese george alenchery kochi land issue](https://etvbharatimages.akamaized.net/etvbharat/prod-images/3688318_kardianl1.jpg)
![കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വൈദിക സമിതി യോഗം Angamaly archdiocese george alenchery kochi land issue](https://etvbharatimages.akamaized.net/etvbharat/prod-images/3688318_kardianl2.jpg)
സഹായ മെത്രാന്‍മാരെ അടിയന്തരമായി ചുമതലകളിൽ നിന്നും മാറ്റിയത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിട്ടില്ല. ഇവർക്കെതിരെ നടപടി സ്വീകരിക്കുകയാണെങ്കിൽ സമാനമായ രീതിയിൽ വൈദികർക്കെതിരെ നടപടി വേണമെന്നും വൈദിക സമിതി യോഗം ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ നൽകിയ സഹായമെത്രാൻമാരെ മാറ്റിയത് പ്രതികാര നടപടിയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ. കർദിനാൾ അഗ്നിശുദ്ധി വരുത്തി വിശ്വാസി സമൂഹത്തിന്‍റെ സ്വീകാര്യത വീണ്ടെടുക്കണമെന്നും സമിതി യോഗത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്. കൂടാതെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റിപ്പോർട്ടും ഇതുമായി നടപടിയെടുത്തുകൊണ്ടുള്ള വത്തിക്കാന്‍റെ ഉത്തരവും പുറത്തുവിടണമെന്ന് വൈദിക സമിതി യോഗം ആവശ്യപ്പെട്ടു.