എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധം തുടരുന്നതിനിടെ ശതാബ്‌ദി ആഘോഷവുമായി വൈദികരും ഒരു വിഭാഗം വിശ്വാസികളും. എറണാകുളം വികാരിയാത്തിനെ അതിരൂപതയാക്കി സിറോ മലബാര്‍ സഭ ശ്രേണി സ്ഥാപിച്ചതിന്‍റെ 100-ാമത് വാര്‍ഷികമാണ് വിശ്വാസികളും വൈദികരും ആഘോഷമാക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് തൃക്കാക്കര ഭാരത മാത കോളജിൽ കാർഡിനൽ ജോസഫ് പാറേക്കാട്ടിൽ നഗറിലാണ് പരിപാടികള്‍ നടക്കുക.
എറണാകുളം അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസ് വിതയത്തിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്യും. സിറോ മലബാർ സഭ നേതൃത്വത്തെ പൂർണമായും ഒഴിവാക്കിയാണ് ശതാബ്‌ദി ആഘോഷം സംഘടിപ്പിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ മുന്നൂറോളം വൈദികർ ഒന്നിച്ച് സമൂഹബലി അർപ്പിക്കും.
സെയ്‌ന്‍റ് മേരീസ് കത്തീഗ്രല്‍ ബസിലിക്ക റെക്‌ടര്‍ മോണ്‍, ആന്‍റണി നരികുളം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വൈദിക സമിതി സെക്രട്ടറി ഡോ. കുരിയാക്കോസ് മുണ്ടാടൻ ശതാബ്‌ദി സന്ദേശം നൽകും. കുർബാനക്ക് ശേഷം പൊതുസമ്മേളനത്തിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന ശതാബ്‌ദി വർഷ നൂറിന പരിപാടികൾ അവതരിപ്പിക്കും.
തൃക്കാക്കര കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നഗറിൽ വിശുദ്ധ കുർബാന നടക്കുന്ന സമയത്ത് തന്നെ എറണാകുളം ബസിലിക്ക ദേവാലയത്തിൽ എറണാകുളം അതിരൂപതയിലെ 16 ഫൊറോനകളിൽ നിന്നുള്ള 16 വൈദികർ ഒന്നിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് നിലവിൽ ബസലിക്ക പള്ളിയിൽ വിശ്വാസികൾ പ്രവേശിക്കുന്നത് ജില്ല ഭരണകൂടം തടഞ്ഞിരിക്കുകയാണ്. അതിരൂപതയിലെ വിവാദ ഭൂമി ഇടപാട്, കുർബാന ഏകീകരണം ഉൾപ്പടെയുളള വിഷയങ്ങളെ തുടർന്ന് വൈദികരും വിശ്വാസികളിലൊരു വിഭാഗവും നാളുകളായി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം തുടരുകയായിരുന്നു.
ഇതിനിടയിലാണ് കർദിനാളിനെ ശതാബ്‌ദി ആഘോഷത്തിൽ നിന്നും ഒഴിവാക്കി തങ്ങളുടെ പ്രതിഷേധം ശക്തമാക്കി വൈദികർ മുന്നോട്ട് പോകുന്നത്.