കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രവർത്തന സ്വാതന്ത്രമില്ലെന്ന് എസ്എഫ്ഐ ഇതര വിദ്യാർഥി സംഘടനകൾ. മഹാരാജാസ് കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം യൂണിവേഴ്‌സിറ്റി കോളജിലെ പ്രവർത്തനത്തിന്‍റെ ചെറിയ പതിപ്പാണന്നും കെഎസ്‌യു, എഐഎസ്എഫ് നേതാക്കൾ കുറ്റപ്പെടുത്തുന്നു.
കോളജിലെ യൂണിയൻ ഓഫീസ് കാലാവധി കഴിഞ്ഞും പ്രവർത്തിക്കുകയാണന്നും എസ്എഫ്ഐ യൂണിറ്റ് ഓഫീസായി ഉപയോഗിക്കുകയാണന്നും ചൂണ്ടി കാണിച്ച് കെഎസ്‌യു പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ യൂണിയൻ ഓഫീസ് അടച്ചു പൂട്ടിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കാമ്പസിൽ കഴിഞ്ഞ ദിവസം സംഘർഷം അരങ്ങേറിയിരുന്നു. സംഘടനാ പ്രവർത്തനം നടത്തിയാൽ ജീവനോടെ വീട്ടിൽ പോകാനാവില്ലെന്നും കോഴ്സ് പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണെന്ന് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് പറഞ്ഞു.
എസ്എഫ്ഐയുടെ നിലപാടുകൾ കാരണം ക്യാമ്പസ് രാഷ്ട്രീയത്തോട് തന്നെ വിദ്യാർഥികൾ വിമുഖത കാണിക്കുകയാണന്ന് തെളിവുകൾ ചൂണ്ടി കാണിച്ച് വിശദീകരിക്കുകയാണ് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി അജയ്. ഏകസംഘാനാവാദം എന്ത് വില കൊടുത്തും ചെറുത്ത് തോൽപ്പിക്കുമെന്നും എഐഎസ്എഫ് പറഞ്ഞു.