എറണാകുളം: എറണാകുളം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരെഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയില്‍ ഇടതു മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്‌ടമായി. നഗരസഭയിലെ ഇടതുമുന്നണിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ ബി.ജെ.പി പിടിച്ചെടുത്തു. അതേസമയം 49 ൽ 21 അംഗങ്ങളുള്ള ഇടതുമുന്നണിക്ക് ഭരണം നഷ്‌ടമാകില്ല.
ജില്ലയിലെ ആറ് വാർഡുകളിലേക്കാണ് ഉപതെരെഞ്ഞടുപ്പ് നടന്നത്. ഇതിൽ മൂന്നിടത്ത് ബി.ജെ.പി വിജയിച്ചു. രണ്ട് സിറ്റിംഗ് സീറ്റുകൾ യു.ഡി എഫ് നിലനിർത്തി. അതേസമയം ട്വന്‍റി 20യുടെ സാന്നിധ്യത്തോടെ ത്രികോണ മത്സരം നടന്ന കുന്നത്തുനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇടത് മുന്നണി പിടിച്ചെടുക്കുകയും ചെയ്‌തു.
കൊച്ചി കോർപ്പറേഷൻ അറുപത്തിരണ്ടാം ഡിവിഷൻ എൻ.ഡി.എ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ 62 എറണാകുളം സൗത്ത് ഡിവിഷൻ, 75 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി ജെ പി ജയിച്ചത്. മഹിള മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് പത്മജ എസ് മേനോൻ ആയിരുന്നു സ്ഥാനാര്‍ഥി. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ലഭിച്ച ഈ വിജയം ബി.ജെ.പിക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് പത്മജ എസ്.മേനോൻ പ്രതികരിച്ചു.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് അത്താണി ടൗണ്‍ പതിനേഴാം വാർഡിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് നിലനിർത്തി. ഇതോടെ പഞ്ചായത്ത് ഭരണവും നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ജോബി നെൽക്കരയാണ് ഇവിടെ വിജയിച്ചത്. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് വെമ്പിള്ളി പതിനൊന്നാം വാർഡ് ഇടതുമുന്നണി പിടിച്ചെടുത്തു. യു.ഡി.എഫിൽ നിന്നാണ് ഈ സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തത്. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മൈലൂര്‍(6) വാർഡ് യു.ഡി.എഫ് നിലനിർത്തുകയും ചെയ്‌തു.
Read Also ഏറ്റുമാനൂർ നഗരസഭയിലെ അമ്പലം വാർഡിൽ ബി.ജെ.പിയ്ക്കു വിജയം