എറണാകുളം: ആന്തരിക അവയവങ്ങളുടെ എക്‌സറയെടുത്ത് മനുഷ്യ ശരീരത്തിൽ രോഗം നിർണയിക്കുന്നതിന് സമാനമായി കെട്ടിട നിര്‍മാണ സാമഗ്രമികളുടെ കാര്യക്ഷമത പരിശോധിക്കാനുള്ള ആധുനിക ഉപകരണങ്ങള്‍ സഹകരണ വകുപ്പ് സംഘടിപ്പിച്ച എക്‌സ്പോയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത്തരം ഉപകരണങ്ങള്‍ എക്‌സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കട്ടിയേറിയ കോൺക്രീറ്റുകൾ സ്‌കാന്‍ ചെയ്‌ത് ബലക്ഷയം കണ്ടെത്താൻ കഴിയുന്ന ജിപിആർഎസ് സ്‌കാന്‍ മെഷീൻ, സ്റ്റീൽ പരിശോധിക്കുന്ന സ്‌പാര്‍ക്ക് ഒഇസി മെഷീൻ തുടങ്ങിയ ഉപകരണങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.
മാറ്റർ ലാബ് എന്ന കോഴിക്കോട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് ഈ ഉപരണങ്ങള്‍ എത്തിക്കുന്നത്. സിമന്‍റ്, സ്റ്റീൽ, വിവിധയിനം കട്ടകൾ, ടൈൽ, പ്ലൈവുഡ് തുടങ്ങി നിർമാണ മേഖലയുമായി ബന്ധപെട്ടതെല്ലാം ശാസ്ത്രീയമായി പരിശോധിച്ച് ഭാവിയിലുണ്ടാകുന്ന ബലക്ഷയം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. നിർമ്മാണ ശേഷം കെട്ടിടങ്ങൾ ചെരിയുന്നതും, കോൺഗ്രീറ്റിൽ വിള്ളലുണ്ടാവുന്നതൊക്കെ പതിവാകുമ്പോൾ നിർമാണ വസ്‌തുക്കള്‍ പരിശോധന നടത്തി മുൻകരുതൽ സ്വീകരിക്കാനാവുമെന്ന് മാറ്റർ ലാബ് മാനേജർ അൻവർ പറഞ്ഞു.
വർഷങ്ങൾ പഴക്കമുള്ളതോ നിർമാണത്തിലിരിക്കുന്നതോ ആയ കെട്ടിടങ്ങൾ ഈ ഉപകരണങ്ങള്‍ കൊണ്ട് പരിശോധിക്കാൻ കഴിയും. കോൺക്രീറ്റിനുള്ളിൽ ഉപയോഗിച്ച കമ്പികളുടെ എണ്ണം വരെ നിർണ്ണയിക്കാൻ സാധിക്കും. സമീപ ഭാവിയിൽ നമ്മുടെ നാട്ടിലും ഇത്തരം ശാസ്ത്രിയ പരിശോധനകൾ നിർമാണ മേഖലയുടെ അവിഭാജ്യ ഘടകമാകും. കേരളത്തിലെവിടെയും ഇത്തരം പരിശോധനകൾ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ചെയ്തു കൊടുക്കുന്നുണ്ടെന്നും അൻവർ വ്യക്തമാക്കി.
സമീപ ഭാവിയിൽ ഇത്തരം പരിശോധന ലാബുകള്‍ വ്യാപകമാകാനാണ് സാധ്യത. മേല്‍പ്പാലങ്ങള്‍ ഉൾപ്പെടെയുള്ള വലിയ നിർമാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പ് വരുത്താനും, നിലവിലുളളവയുടെ സുരക്ഷ പരിശോധനകൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ഇത്തരം ഉപകരണങ്ങൾ സഹായകമാകും.
ALSO READ: വൈവിധ്യങ്ങളുടെ ഉത്സവമായി കൊച്ചിയിലെ സഹകരണ എക്സ്പോ 2022