എറണാകുളം: ഇ.പി ജയരാജനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെ. സുധാകരനെതിരെ നിർണായക നീക്കവുമായി സർക്കാർ. കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുധാകരന്‍റെ ഹർജി വേഗത്തിൽ തീർപ്പാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ ഈ മാസം 25ന് അന്തിമ വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു.
ഇ.പി ജയരാജനെ ട്രെയിനിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ കേസിന്‍റെ വിചാരണ നടപടികൾ 2016ൽ സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തെങ്കിലും തുടർവാദം ഉണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കെ. സുധാരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന ആവശ്യം സർക്കാർ ഇന്ന് (12.08.22) ഹൈക്കോടതിയിൽ ഉന്നയിച്ചത്.
ഹർജി തീർപ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസം വിചാരണ നടപടികൾ വൈകുന്നതിന് കാരണമാകുന്നുവെന്നായിരുന്നു സർക്കാരിന്‍റെ വാദം. ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബഞ്ച് ഹർജി അന്തിമ വാദത്തിനായി ഈ മാസം 25ലേക്ക് മാറ്റി.
കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ നൽകിയ ഹർജി നേരത്തെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു കേസിൽ രണ്ട് എഫ്.ഐ.ആറുകൾ നിലനിൽക്കില്ലെന്നാണ് സുധാകരന്‍റെ വാദം.
1995 ഏപ്രിലിൽ രാജധാനി എക്‌സ്‌പ്രസിൽ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഓങ്കോളിൽ വച്ച് ജയരാജനെ ഗുണ്ടാസംഘം വെടിവച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണ് കേസ്. ആന്ധ്രയിൽ കേസെടുത്തതിന് പുറമെ സംഭവത്തിന് പിന്നിൽ കെ. സുധാകരന്‍റെ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി ശംഖുമുഖം പൊലീസും കുറ്റപത്രം സമർപ്പിച്ചിരുന്നു. ജയരാജൻ സമർപ്പിച്ച സ്വകാര്യ അന്യായത്തിന്മേൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടി.