എറണാകുളം: ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. യുണിടാക്ക് എം.ഡി. സന്തോഷ് ഈപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
രണ്ടാം തവണയാണ് യു.വി. ജോസിനെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ നേരത്തെ യു.വി. ജോസിനെ ചോദ്യം ചെയ്തതത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ലൈഫ് മിഷന് സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസായിരുന്നു.
ലൈഫ് മിഷന് പദ്ധതിക്ക് കമ്മിഷന് നല്‍കുന്നതിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന് വാങ്ങിയ ആറ് ഐഫോണില്‍ ഒന്ന് ശിവശങ്കറിന് നല്‍കിയിരുന്നുവെന്ന് ഇഡി കണ്ടെത്തുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റിലായ എം.ശിവങ്കർ ലൈഫ് മിഷനുമായി ബന്ധപ്പെട്ടും നിയമ ലംഘനം നടത്തിയോയെന്നതിൽ വ്യക്തത വരുത്തക, ഇതിൽ യു.വി.ജോസിന് ഏതെങ്കിലും തരത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇ.ഡി യു.വി.ജോസിനെ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ ക്രമക്കേടിൽ യു.വി. ജോസ് ഉൾപ്പടെയുള്ളവർക്കെതിരായ സി.ബി.ഐ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.