കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി. മൊയ്‌തീനെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘം ചോദ്യം ചെയ്യും. ഓഗസ്‌റ്റ് 31 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകി (Enforcement Directorate Summons AC Moideen). കൊച്ചിയിൽ ഇ.ഡിയുടെ മേഖല ഓഫിസിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും എ.സി. മൊയ്‌തീനെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്‌തീനെതിരെ കുരുക്കുമുറുക്കുകയാണ് ഇ.ഡി. എ.സി. മൊയ്‌തീന്‍റെ വീട്ടിൽ ഇ.ഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു (ED Raid on AC Moideen's House).
തുടർന്ന് ഇ.ഡി ഇറക്കിയ വാർത്താക്കുറിപ്പിൽ എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പ നൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ (Karuvannur Bank Scam Case) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 22/08/2023 ന് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിലാണ് ഇ.ഡി. പരിശോധന നടത്തിയത്. എ.സി മൊയ്‌തീന്‍, കിരൺ പി പി, റഹീം സി എം, ഷിജു എം കെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.
പാവപ്പെട്ട അംഗങ്ങളുടെ വായ്പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു. മുൻമന്ത്രിയും എം.എൽ.എയുമായ എ.സി. മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇ.ഡി. വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ച് രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്. 150 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്ക് കേസിൽ നേരത്തെ എ.കെ. ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു.
അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇ.ഡി. അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എ.സി. മൊയ്‌തീനെ ചോദ്യം ചെയ്യുന്നത്. അതേസമയം കേസില്‍ അദ്ദേഹത്തെ പ്രതി ചേർക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുമോയെന്നാണ് അറിയേണ്ടത്. അത്തരം നടപടികള്‍ പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതുറക്കും.