എറണാകുളം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ ഇ.ഡിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. സ്വർണക്കടത്ത് കേസിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് നാലാം തവണയായിരുന്നു ചോദ്യം ചെയ്യൽ. മൂന്ന് ദിവസങ്ങളിലായി സ്വപ്‌ന നൽകിയ മൊഴി പരിശോധിച്ച ശേഷമാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തത്.
ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്നും തിങ്കളാഴ്‌ച ഹാജരാകാൻ ഇ.ഡി നിർദേശിച്ചതായും സ്വപ്‌ന സുരേഷ് അറിയിച്ചു. നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയ കാര്യങ്ങൾ നാല് ദിവസത്തെ ചോദ്യം ചെയ്യലിലും സ്വപ്‌ന ആവർത്തിക്കുകയായിരുന്നു. അതേസമയം തന്‍റെ മൊഴികൾ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ സ്വപ്‌ന കൈമാറിയതായാണ് സൂചന.
യുഎഇ മുൻ കോൺസുൽ ജനറൽ ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധികൾക്ക് സ്വർണക്കടത്തിലുള്ള പങ്ക് സംബന്ധിച്ചും സ്വപ്‌ന ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ച കാര്യത്തിൽ തെളിവ് നൽകിയോയെന്ന് വ്യക്തമാക്കാൻ സ്വപ്‌ന ഇതുവരെ തയാറായിട്ടില്ല. സ്വപ്‌ന നൽകിയ 27 പേജുള്ള രഹസ്യ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തി തുടർ നടപടികളിലേക്ക് കടക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളിൽ രഹസ്യമൊഴി നൽകാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വപ്‌ന കോടതിയെ സമീപിച്ചത്. കോടതി അനുമതി നൽകിയതിനെ തുടർന്നായിരുന്നു രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഇതിനു ശേഷമായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്‌ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ഇതേ തുടർന്ന് ക്രൈബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത ഗൂഢാലോചന കേസിൽ ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇ.ഡി യുടെ ചോദ്യം ചെയ്യൽ ചൂണ്ടിക്കാണിച്ച് ഇതുവരെ ഹാജരായിട്ടില്ല.