എറണാകുളം: കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതിനെതിരെ എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. ഇത്തരത്തിൽ കമ്മിഷൻ രൂപീകരിക്കാൻ കേരള സർക്കാരിന് അധികാരമില്ലെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. ഇ.ഡി.ക്ക് എതിരെ അന്വേഷണം നടത്താൻ കോടതിക്ക് മാത്രമേ അധികാരം ഉള്ളൂ. കമ്മിഷന് അധികാരമില്ലെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
നിയമനം സ്റ്റേ ചെയ്യണമെന്ന് ഇ.ഡി
അന്വേഷണ കമ്മിഷൻ രൂപീകരിച്ചതിൽ പൊതു താൽപര്യം ഇല്ല. കമ്മിഷൻ റിപ്പോർട്ടിൽ കേരള സർക്കാറിന് ഒന്നും ചെയ്യാൻ ഉള്ള അധികാരം ഇല്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുമ്പോൾ സമാന്തരമായി ജുഡീഷ്യൽ കമ്മിഷൻ്റെ അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ജുഡീഷ്യൽ കമ്മിഷൻ നിയമനം സ്റ്റേ ചെയ്യണമെന്നും ഇ.ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്‍റെ വാദമുഖങ്ങൾ
അതേ സമയം ഇ.ഡിയുടെ ഹർജി നില നിൽക്കുന്നതല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇ.ഡി കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമാണ്. കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് നിയമാനുസൃത ഹർജിക്കാരനല്ല. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിലെ ഒരു വകുപ്പ് മാത്രമായ ഇഡിയുടെ ഹർജി എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ഉന്നയിച്ചു.
സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇ.ഡി തന്നെ ആവശ്യപ്പെട്ടിരുന്നു. ആർട്ടിക്കിൾ 131 പ്രകാരം ഹർജി സുപ്രീം കോടതിയിലാണ് നൽകേണ്ടതെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇ.ഡി നൽകിയ ഹർജി നിലനിൽക്കുമോയെന്ന കാര്യത്തിൽ വിധി പറയാൻ ഹർജി ഹൈക്കോടതി മാറ്റി വച്ചു.
കേന്ദ്ര ഏജൻസികൾക്കെതിരെ കമ്മിഷൻ
മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രിമാർ എന്നിവർക്കെതിരെ കേന്ദ്ര ഏജൻസികൾ വ്യാജ തെളിവുകളുണ്ടാക്കി കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യൽ കമ്മിഷനായി സർക്കാർ നിയമിച്ചിരുന്നു. വിഷയത്തെക്കുറിച്ച് അറിവുള്ളവർക്ക് തെളിവ് നൽകാമെന്ന് വ്യക്തമാക്കി കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്മിഷൻ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.
READ MORE: കേന്ദ്ര ഏജൻസികൾക്ക് എതിരെ അന്വേഷണം: ENFORCEMENT DIRCTORATE ഹൈക്കോടതിയിയില്‍