എറണാകുളം: രണ്ടാം ഘട്ടത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം ജില്ലയിൽ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്‌തി. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ കലാശക്കൊട്ടിന് അനുമതി നൽകിയിരുന്നില്ല. വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരസ്യ പ്രചാരണത്തിന്‍റെ സമാപനം.
തെരെഞ്ഞെടുപ്പ് ആവേശം കത്തി കയറിയതോടെ പലയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ പേരിന് പോലും ഇല്ലാതായി. ഇത് ഫലപ്രദമായി തടയാൻ പൊലീസിനും കഴിഞ്ഞില്ല. കൊച്ചി കോർപ്പറേഷനിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് വാശിയേറിയ പോരാട്ടം. തുടർച്ചയായി രണ്ട് തവണ കോർപ്പറേഷൻ ഭരിച്ച വലതു മുന്നണി ലക്ഷ്യമിടുന്നത് ഹാട്രിക്ക് വിജയമാണ്. എന്നാൽ കഴിഞ്ഞ തവണ കേവലം മൂന്ന് സീറ്റിന് നഷ്ടമായ കൊച്ചി കോർപ്പറേഷൻ തിരിച്ചു പിടിക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.
കൊച്ചി കോർപ്പറേഷനിലെ മാലിന്യ പ്രശ്നവും വെള്ളക്കെട്ട് ഉൾപ്പടെയുള്ള പ്രാദേശിക വിഷയങ്ങളും ഇടതു സർക്കാറിന്‍റെ ഭരണ നേട്ടങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. സ്വർണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളും ഇടതു സർക്കാർ കൊച്ചി കോർപ്പറേഷനോട് കാട്ടിയ അവഗണനയും ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രധാനമായും പ്രചാരണം നടത്തിയത്. കേന്ദ്രസർക്കാരിനിന്‍റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.
ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ തന്നെ പ്രചാരണ സമാപന പരിപാടിയിൽ പങ്കെടുത്തു. കൊച്ചി കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാര്‍ഥികളും റോഡ് ഷോയും പ്രചാരണ ജാഥകളുമായി സജീവമായിരുന്നു. എറണാകുളം ജില്ലയിൽ 13 നഗരസഭകൾ, 82 ഗ്രാമ പഞ്ചായത്തുകൾ, 14 ബ്ലോക്ക് പഞ്ചായത്തുകൾ, കൊച്ചി കോർപ്പറേഷൻ, ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിലേക്കുമാണ് രണ്ടാം ഘട്ടത്തിൽ തെരെഞ്ഞെടുപ്പ് നടക്കുന്നത്.