എറണാകുളം: ഒന്നര കിലോഗ്രാം സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാരന്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. കൈയില്‍ ചുറ്റിയ നിലയിലായിരുന്നു ഇയാള്‍ സ്വര്‍ണം കടത്തിയത്. ബെഹ്റൈനില്‍ നിന്നും കൊച്ചി അന്താരാഷ്‌ട്ര എയര്‍പോര്‍ട്ടിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ ഷാഫി എന്ന ജീവനക്കാരനാണ് പിടിയിലായത്.
പിടികൂടിയത് രഹസ്യവിവരത്തെ തുടര്‍ന്ന്: കാമ്പിന്‍ ക്രൂ ജീവനക്കാരനായ ഷാഫി എന്ന വ്യക്തി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന് കസ്‌റ്റംസ് പ്രിവന്‍റീവ് കമ്മിഷണറേറ്റിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിക്കുകയായിരുന്നു. കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്‌തപ്പോഴായിരുന്നു വിമാനത്താവളത്തിലെ ഗ്രീന്‍ ചാനല്‍ വഴി ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിവരം അറിയുന്നത്.
ഇരു കൈകളിലുമായി 1,487 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കൈകളില്‍ സ്വര്‍ണം ചുറ്റുകയും ഷര്‍ട്ടിന്‍റെ കൈ മൂടിയിട്ടുമായിരുന്നു ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഏകദേശം 75 ലക്ഷം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്‌താവന: സംഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. 'സംഭവത്തെ തുടര്‍ന്ന് ജീവനക്കാരനെ ഉടന്‍ തന്നെ സസ്‌പെൻഡ് ചെയ്‌തു. ഇത്തരം പ്രവൃത്തികള്‍ ഞങ്ങളുടെ സംഘടന വച്ചുപൊറുപ്പിക്കില്ല'.
'അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ അയാളെ ജോലിയില്‍ നിന്ന് പുറത്താക്കാനും ഞങ്ങള്‍ മടിക്കില്ല. നിലവില്‍ കസ്‌റ്റംസ് വിഭാഗം ശക്തമായ അന്വേഷണം നടത്തുകയാണ്'- പ്രസ്‌താവനയില്‍ വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് ദുബൈ പോലെയുള്ള സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന ആളുകള്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. ദിനംപ്രതി വ്യത്യസ്‌തമായ രീതിയാണ് സ്വര്‍ണം കടത്തുന്നതിനായി ആളുകള്‍ തെരഞ്ഞെടുക്കുന്നത്. വിമാനത്താവളത്തിലെ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്നാണ് ആളുകള്‍ സ്വര്‍ണം കടത്താന്‍ വ്യത്യസ്‌ത വഴികള്‍ തിരഞ്ഞെടുക്കുന്നത്.
വസ്‌ത്രത്തില്‍ സ്വര്‍ണം ഒട്ടിച്ച് കടത്താന്‍ ശ്രമം: കഴിഞ്ഞ ദിവസം സ്വര്‍ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായിരുന്നു. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സഫ്‌വാന്‍ എന്ന വ്യക്തിയായിരുന്നു കസ്‌റ്റംസിന്‍റെ പിടിയിലായത്. 1.5 കിലോ സ്വര്‍ണം വസ്‌ത്രത്തില്‍ തേച്ച് പിടിപ്പിച്ച രീതിയിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.
ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിതെന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയപ്പോഴായിരുന്നു ഇയാള്‍ കസ്‌റ്റംസിന്‍റെ പിടിയിലായത്. കസ്‌റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്.
മലപ്പുറം ജില്ല പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഈ വര്‍ഷം മാത്രം കരിപ്പൂരില്‍ പിടികൂടുന്നത് 12ാമത്തെ സ്വര്‍ണക്കടത്താണ്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കസ്‌റ്റംസിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബട്ടണ്‍ രൂപത്തിലാക്കി സ്വര്‍ണം: കഴിഞ്ഞ വര്‍ഷത്തിന്‍റെ അവസാനത്തില്‍ ബട്ടണ്‍ രൂപത്തിലാക്കി സ്വര്‍ണം ട്രോളിയില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിലായിരുന്നു. 140 ഗ്രാം സ്വര്‍ണമാണ് നാല് ബട്ടന്‍സുകളുടെ രൂപത്തിലാക്കി ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഇയാള്‍ സ്വര്‍ണം ട്രോളിയിലൂടെ കൈപ്പിടിയിലേയ്‌ക്ക് മാറ്റിയ ശേഷം അതില്‍ ബാന്‍ഡേജ് ഒട്ടിക്കുകയായിരുന്നു.
അതിന് ശേഷം ബട്ടണ്‍ രൂപത്തിലാക്കിയ സ്വര്‍ണം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു. കസ്‌റ്റംസ് പരിശോധനയ്‌ക്ക് എത്തിയ ഇയാള്‍ ട്രോളിയില്‍ നിന്നും കൈമാറ്റിയതില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടുന്നത്.