എറണാകുളം: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിർദേശം നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹൻലാൽ അടക്കമുള്ള നാല് പ്രതികൾക്കും കോടതി സമൻസ് അയച്ചു. സെപ്‌തംബര്‍ പതിനാറിനാണ് ആനക്കൊമ്പ് കേസിൽ കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. നടന്‍ മോഹന്‍ലാലാണ് ഒന്നാം പ്രതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്‌ണകുമാര്‍ രണ്ടാം പ്രതിയും തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്‌ണകുമാര്‍ മൂന്നാം പ്രതിയും ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്‌ണന്‍ നാലാം പ്രതിയുമാണ്. പരമാവധി അഞ്ച് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കുറ്റപത്രം നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസിൽ മോഹൻലാലിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ തനിക്ക് ലൈസൻസ് ഉണ്ടെന്നായിരുന്നു മോഹൻലാലിന്റെ വാദം. അതേസമയം ക്രിമിനല്‍ കേസ് ആയതുകൊണ്ട് പ്രതികള്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കേണ്ടതുണ്ട്. ജാമ്യമെടുത്തശേഷം കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ പ്രതികളെ വീണ്ടും വിളിപ്പിക്കും. പിന്നീടാണ് വിചാരണയുടെ തിയതി നിശ്ചയിക്കുക.