എറണാകുളം: മരടിൽ സ്‌കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു. മരട് വൈക്കത്തുശ്ശേരി റോഡിൽ രാവിലെ ഏഴരമണിയോടെ അപകടം. കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
വൈദ്യുതിയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. എട്ട് കുട്ടികളായിരുന്നു അപകട സമയത്ത് ബസിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളില്ല. കുട്ടികളെ മറ്റൊരു ബസിൽ സ്‌കൂളിലെത്തിച്ചു. സംഭവസ്ഥലത്ത് നിന്ന് അപകടത്തിൽ പെട്ട ബസ് നീക്കിയിട്ടുണ്ട്. വൈദ്യുത തൂണിലെ കേബിൾ, ബസിൽ കുടുങ്ങിയതാണ് അപകട കാരണം. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ കേബിൾ താഴ്ന്നിരുന്നു. എരൂർ സൗത്തിലെ എസ്.ഡി.കെ.വൈ ഗുരുകുലം വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തിൽ പെട്ടത്.