എറണാകുളം: എ.ആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടില്‍ ഇ.ഡി അന്വേഷണ വേണമെന്ന കെ.ടി. ജലീലിന്‍റെ നിലപാട് തള്ളി സിപിഎം നേതാവും രാജ്യസഭ എംപിയുമായ എളമരം കരീം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. പാർട്ടി നിലപാട് ആക്ടിംഗ് സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്.
സഹകരണ സ്ഥാപനങ്ങളെ കുറിച്ച് പരിശോധിക്കാനും ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാനുമുള്ള സംവിധാനം കേരളത്തിൽ തന്നെയുണ്ട്. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ആവശ്യമില്ലെന്നും എളമരം കരിം പറഞ്ഞു.
അതേസമയം ഇഡി മൊഴി എടുക്കാൻ വിളിപ്പിച്ചാൽ കെ.ടി ജലീലിന് പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണം നിലവിലുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ചന്ദ്രികയുടെ പണമുപയോഗിച്ച് വാങ്ങിയ ഭൂമി ലീഗ് നേതാക്കളുടെ പേരിലേക്ക് മാറ്റിയതായി ആരോപണമുണ്ട്. ഈ വിഷയത്തിൽ വിശദാംശങ്ങൾ തേടിയാണ് ഇ.ഡി. ജലീലിനെ വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിനോട് ഒരു തരത്തിലുമുള്ള മൃദു സമീപനവും ഇല്ല. ഇത് ചിലരുടെ തോന്നൽ മാത്രമാണ്. ലീഗ് രാഷ്ടീയവുമായി ധാരണയുണ്ടാക്കാൻ ഒരു തരത്തിലുള്ള നീക്കവുമില്ല. ബി.ജെ.പി രാഷ്ടീയ താല്പര്യത്തോടെ അസംബന്ധം പറയുകയാണ്. പ്രതിപക്ഷത്തെ തകർക്കാനും ഒതുക്കാനുമുള്ള ആയുധമായി കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്നും എളമരം കരീം എംപി ആരോപിച്ചു.
Also read: കെ.ടി ജലീൽ ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകും