എറണാകുളം: ഒമാൻ പൗരൻമാരെ നാട്ടിലെത്തിക്കാൻ ഒമാൻ എയർ കൊച്ചിയിൽ നിന്നും ഇന്ന് പ്രത്യേക സർവ്വീസ് നടത്തും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ ചികിൽസക്കെത്തി കേരളത്തിൽ കുടുങ്ങി പോയ 53 ഒമാൻ സ്വദേശികളെ തിരിച്ചെത്തിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സർവ്വീസ് നടത്തുന്നത്.
മാർച്ച് മൂന്നിന് കേരളത്തിലെത്തുകയും ചികിൽസയും നിരീക്ഷണ കാലാവധിയും പൂർത്തിയാക്കിയവരാണ് ഈ ഒമാൻ സ്വദേശികൾ. വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ടു മണിക്ക് മസ്ക്കറ്റിൽ നിന്നും നേരിട്ടാണ് ഈ പ്രത്യേക വിമാനം കൊച്ചിയിലെത്തുക. തുടർന്ന് കൊച്ചിയിൽ നിന്നും 2:50 ന് മടങ്ങുന്ന വിമാനം ബംഗ്ലൂരു, ചെന്നൈ എയർപോർട്ടുകളിലെത്തി ഒമാൻ പൗരൻമാരെ കയറ്റിയാണ് മസ്ക്കറ്റിലേക്ക് മടങ്ങുക.
കൊച്ചി എയർപോർട്ടിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായതും പഴുതടച്ചതുമായ പരിശോധനകൾക്കാണ് യാത്രക്കാരെ വിധേയമാക്കുക. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിശോധനകൾക്ക് വിധേയരാവാൻ യാത്രക്കാർ പന്ത്രണ്ടു മണിക്ക് തന്നെ എയർ പോർട്ടിൽ എത്തിച്ചേരാൻ സിയാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരോ യാത്രക്കാരനെയും നാല് തലത്തിലുള്ള പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ നിർഗമന കവാടത്തിലൂടെ കടത്തിവിടുകയുള്ളു. യാത്രക്കാരുടെ ലഗേജുകളും അണുവിമുക്തമാക്കും. എമിഗ്രേഷൻ ഉൾപ്പടെയുള്ള പരിശോധനകളും ചെറിയ ഗ്രൂപ്പുകളായാണ് നടത്തുക.