എറണാകുളം: സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുന്നു. രണ്ട് വർഷത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്ലാതെ ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പള്ളികളില്‍ ഒരുമിച്ച് കൂടി വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിന്‍റെ ഭാഗമാവും.
ബലി പെരുന്നാളിന്‍റെ ഭാഗമായി മൃഗങ്ങളെ ബലിയറുത്ത് മാംസ വിതരണവും നടത്തും. ഹസ്‌റത്ത് ഇബ്രാഹിം നബിയുടെയും കുടുംബത്തിന്‍റെയും ത്യാഗത്തെ അനുസ്‌മരിച്ചാണ് ആണ്ടുതോറും വിശ്വാസികൾ ഈദുല്‍ അള്‌ഹ ആഘോഷിക്കുന്നത്. ബലി പെരുന്നാൾ, വലിയ പെരുന്നാൾ,ഹജ്ജ് പെരുന്നാൾ എന്നീ പേരുകളിലും ഈദുൽ അള്‌ഹ അറിയപ്പെടുന്നു.
ദീർഘകാലത്തെ പ്രാർഥനകൾക്കൊടുവിലാണ് ജീവിത സായാഹ്നത്തിൽ ഹസ്‌റത്ത് ഇബ്രാഹിം നബിക്ക് സന്താന സൗഭാഗ്യം ലഭിക്കുന്നത്. ദൈവ കൽപന അനുസരിച്ച് പുത്രൻ ഇസ്‌മായിലിനെ ബലി നൽകാനുള്ള സന്ദേശം ലഭിച്ചപ്പോള്‍ അദ്ദേഹം സന്നദ്ധനായി. എന്നാൽ ഇബ്രാഹിം നബിയുടെ സമർപ്പണത്തെ അംഗീകരിക്കുകയും പുത്രന് പകരം ആടിനെ ബലിയർപ്പിക്കാനുള്ള കൽപനയുണ്ടാവുകയും ചെയ്‌തുവെന്നാണ് വിശ്വാസം.
ഇത് അനുസ്‌മരിച്ചാണ് വിശ്വാസികൾ മൃഗങ്ങളെ ബലിയറുക്കുന്നത്. സ്വന്തം താൽപര്യങ്ങളെ അവഗണിച്ച് നന്മ നിറഞ്ഞ ജീവിതം നയിക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ് വിശ്വാസിക്ക് ബലി പെരുന്നാൾ നൽകുന്ന സന്ദേശം.